അമ്മാർക്ക് വാക്കു നൽകി മുതുകാട് ' ഈ കുഞ്ഞുങ്ങൾക്കൊപ്പം എന്നുമുണ്ടാകും"

Wednesday 08 March 2023 7:35 PM IST

കണ്ണൂർ:'അവസാന ശ്വാസം വരെയും ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുവെക്കണമെന്നാണാഗ്രഹം.കണ്ണൂരിൽ ഇത്തരം കുട്ടികൾക്കായി ഡിഫറന്റ് ആർട്സ് സെന്റർ ആരംഭിക്കാൻ മുന്നിൽ ഉണ്ടാകും"- ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർ പ്രൊ.ഗോപിനാഥ് മുതുകാടിന്റെ വാക്കുകൾ നിറ കണ്ണുകളോടെയാണ് സ്വീകരിച്ചത്.ഹൃദയത്തിൽ ആ വാക്കുകളെ ചേർത്തുവെക്കുന്ന തരത്തിൽ സദസിന്റെ കൈയടിയും ഒപ്പമുണ്ടായി. കണ്ണൂർ ചേംബർ ഒഫ് കോമേഴ്സ് ഹാളിൽ ആയിക്കര കെയർ ആന്റ് കെയറസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക് നൽകിയ ആദരവ് പരിപാടിയിലാണ് മുതുകാടിന്റെ ഐക്യദാർഢ്യം.

കണ്ണൂരിൽ വൈകാതെ തന്നെ ഇത്തരമൊരു കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതിനുള്ള സ്ഥലം കാണാൽ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ മേയർ ടി.ഒ.മോഹനന്റെയും സാന്ത്വന കേന്ദ്രമായ അത്താണിയുടയും നേതൃത്വത്തിൽ നടക്കുകയാണെന്നും മുതുകാട് കൂട്ടിച്ചേർത്തു.മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.പി.ഷമീമ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മെയർ കെ.ശബീന ,പി.കെ.രാഗേഷ്,സയ്യിദ് സിയാദ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

'എവിടെ ആ പതിമൂന്നു ശതമാനം"

അവസാനമായി നടന്ന 2016 ലെ സെൻസസ് പ്രകാരം ഇന്ത്യൻ ജനസംഖ്യയിൽ 2.2 ശതമാനമാണ് ഭിന്നശേഷിക്കാർ. എന്നാൽ ലോകാരോഗ്യ സംഘടനയുടെ കണക്കിൽ ഇന്ത്യയിൽ ഈ വിഭാഗത്തിൽപെട്ടവർ പതിനഞ്ചുശതമാനമാണ്. ബാക്കി 13 ശതമാനം എവിടെയാണ്.ഇവരെയാണ് ഇൻവിസിബിൾ മെജോരിറ്റി എന്ന് പറയുന്നത് .ഇവരെ എന്ത് കൊണ്ടാണ് സർക്കാർ കാണാത്തത്.ഇവർ എവിടെയാണ് അതാണ് ചോദ്യമെന്നും മുതുകാട് പറഞ്ഞു.

ഇന്ത്യയിൽ പല മാളുകളിലും പാർക്കുളിലും ബിൽഡിംഗുകളിലും പൊതു ഇടങ്ങളും ഇവർക്ക് സഞ്ചരിക്കാനാകില്ല. ഭിന്നശേഷി സൗഹൃദാന്തരീക്ഷം പലയിടങ്ങളിലുമില്ല.ട്രെയിനിൽ ഡിസേബിൾഡ് കോച്ച് ഏറ്റവും മുന്നിൽ അല്ലെങ്കിൽ ഏറ്റവും പിറകിലുമാണ്.കേരളത്തിൽ 2005ലെ സെൻസസ് പ്രകാരം എട്ടുലക്ഷം ഭിന്നശേഷിക്കാരാണുള്ളത്. ഇതിന് ശേഷം ഇങ്ങനെയൊരു കണക്ക് ഉണ്ടായിട്ടില്ല. ആരും കരഞ്ഞിരിക്കേണ്ടെന്നും ആരുടേയും സഹതാപം ആവശ്യമില്ലെന്നും മുതുകാട് അമ്മമാരെ ഓർമ്മിപ്പിച്ചു.