വേനലിന്റെ കാഠിന്യം കൂടുന്നു ഒപ്പം തീപിടിത്തത്തിന്റെ എണ്ണവും

Thursday 09 March 2023 1:46 AM IST

വെഞ്ഞാറമൂട്: വേനലിന്റെ കാഠിന്യം കൂടിയതോടെ ഫയർഫോഴ്സും തിരക്കിലാണ്. ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശങ്ങളിലുണ്ടായത്. ഫയർഫോഴ്സിന്റെ അവസരോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ് വലിയ അപകടങ്ങളിലേക്ക് പോകാതിരുന്നത്. ഈ ഒരു മാസം തന്നെ പത്തിലേറെ തീ പിടിത്തങ്ങളാണുണ്ടായത്. പുൽമേടുകളിലും മൊട്ടക്കുന്നുകളിലും റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കൂട്ടിയിട്ട ചപ്പുചവറുകൾക്കും കുറ്റിക്കാടുകൾക്കും തീപിടിക്കുന്നത് പതിവായി.

ഇത്തവണ ചൂട് കൂടിയതിനാൽ ഡിസംബർ അവസാനം മുതൽ തീപിടിത്തം പതിവായി. ഇലക്ട്രിക് പോസ്റ്റിന് തീപിടിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.

വേനൽച്ചൂടിൽ ജലാശയങ്ങൾ വറ്റിത്തുടങ്ങി. പലയിടത്തും വെള്ളം കിട്ടാക്കനിയായി. എന്നാൽ തീപിടിത്തമുണ്ടായാൽ ഓടിയെത്തുന്ന ഫയർഫോഴ്സിന് വെള്ളത്തിന് ക്ഷാമമില്ല. വാട്ടർ അതോറിട്ടിയുടെ ഫയർ ഹൈഡ്ര​ന്റുകൾ എല്ലാ ​സ്റ്റേഷനുകളിലുമുണ്ട്. ഇതിലൂടെ 24 മണിക്കൂറും വെള്ളം കിട്ടുമെന്നു മാത്രമല്ല ഉയർന്ന മർദ്ദത്തിലുമായിരിക്കും.

ന​ഗരത്തിൽ ജനത്തിരക്കുള്ള, ഇടുങ്ങിയ സ്ഥലങ്ങളിൽ ഫയർ ഹൈഡ്ര​ന്റുകൾ സ്ഥാപിക്കുന്നത് ​ഗുണകരമാണെന്ന് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസം മുൻപ് കോട്ടു കുന്നം മലയിലുണ്ടായ തീപിടിത്തത്തിൽ അഞ്ഞൂറ് ഏക്കറിനടുത്താണ് കത്തി നശിച്ചത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ഇരുപത്തിനാലു മണിക്കൂർ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഒരു മാസത്തിനിടയ്ക്ക് നിരവധി തവണയാണ് പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറയിൽ തീ പിടിത്തമുണ്ടായത്. ഏക്കറുകണക്കിന് പ്രദേശമാണ് കത്തി നശിച്ചത്.

ഈ തീപിടിത്തമുണ്ടായ ഇടങ്ങളിലെല്ലാം പൊതുജനത്തിന്റെ അശ്രദ്ധയും, സാമൂഹ്യവിരുദ്ധർ മനഃപൂർവം ചെയ്യുന്നതുമെന്നാണ് വിലയിരുത്തൽ.