പാരാഗ്ലൈഡിംഗ് അപകടം: ട്രെയിനർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Thursday 09 March 2023 1:34 AM IST

വർക്കല: പാപനാശം കടൽത്തീരത്ത് ചൊവ്വാഴ്ച വൈകിട്ടുണ്ടായ പാരാഗ്ലൈഡിംഗ് അപകടത്തിൽ ട്രെയിനർ ഉൾപെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യാശ്രമത്തിന് കേസെടുത്തു.

പാപനാശം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്ലൈ സ്പോർട്സ് അഡ്വഞ്ചേഴ്സ് എന്ന സ്ഥാപനത്തിലെ ട്രെയിനറായ ഉത്തരാഘണ്ഡ് സ്വദേശി സന്ദീപ് (30), ജീവനക്കാരായ ഒറ്റൂർ പൗർണ്ണമിയിൽ ശ്രേയസ് (27), വക്കം പുളിവിളാകം സിന്ധുഭവനിൽ പ്രഭുദേവ് (31) എന്നിവരെയുമാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ എഫ്.ഐ.ആർ പ്രകാരം സന്ദീപ് ഒന്നാം പ്രതിയും,ശ്രേയസും പ്രഭുദേവയും രണ്ടും മൂന്നും പ്രതികളുമാണ്. അലക്ഷ്യമായ കൺട്രോളിംഗിനെ തുടർന്നാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യാത്രക്കാരിയായിരുന്ന കോയമ്പത്തൂർ സ്വദേശിനി പവിത്രയുടെ (28) മൊഴിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പാരാഗ്ലൈഡിംഗ് സ്ഥാപനത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാപന ഉടമകളായ ആകാശ്, ജിനീഷ് എന്നിവർ ഒളിവിലാണ്.

ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു കോയമ്പത്തൂർ സ്വദേശിനി പവിത്ര ട്രെയിനർ സന്ദീപിനൊപ്പം പാരാഗ്ലൈഡിംഗ് തുടങ്ങിയത്. പത്ത് മിനിട്ട് പറന്നപ്പോൾ തന്നെ കാറ്റിന്റെ ദിശയിൽ മാറ്റമുണ്ടാവുകയും ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമാവുകയും ചെയ്തു. ഉടൻ താഴെയിറക്കാൻ ആവശ്യപ്പെട്ടെങ്കിലും ട്രെയിനർ കൂട്ടാക്കിയില്ലെന്ന് പവിത്ര പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഭയന്നുപോയ പവിത്ര നിലവിളിക്കാൻ തുടങ്ങി. ഇതിനിടെയാണ് പാരാഗ്ലൈഡർ പാപനാശം മെയിൻബീച്ചിൽ സ്ഥാപിച്ചിട്ടുളള ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. 100 അടിയോളം ഉയരമുളള ഹൈമാസ്റ്റ് ലൈറ്റിന്റെ 80 അടിയോളം ഉയരത്തിലാണ് ഇരുവരും കുടുങ്ങിക്കിടന്നത്. ഒന്നര മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ട് കിടന്ന ഇരുവരും രക്ഷാപ്രവർത്തനത്തിനിടെ ഹൈമാസ്റ്റ് ലൈറ്റിനു താഴെ വിരിച്ച സേഫ് നെറ്റിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പവിത്രയെ സ്കാനിംഗ് ഉൾപെടെയുളള പരിശോധനകൾക്ക് വിധേയയാക്കി. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തതുകൊണ്ട് രാത്രി തന്നെ ഡിസ്ചാർജ് ചെയ്തു. ഹോട്ടലിലേക്ക് മാറിയ പവിത്രയ്ക്ക് തോളെല്ലിനും കഴുത്തിനും വേദനയുളളതായി പറയുന്നുണ്ട്.

ആദ്യമായാണ് പാരാഗ്ലൈഡിംഗ് നടത്തുന്നത്. ' പേടിച്ചുപോയി, ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്. എല്ലാവർക്കും നന്ദി', പവിത്ര പറഞ്ഞു.

പാപനാശത്തെ പാരാഗ്ലൈഡിംഗ് സ്ഥാപനത്തിന് ലൈസൻസില്ലെന്നാണ് മുൻസിപാലിറ്റി വാദം. 2024 വരെ കാലാവധിയുളള സർട്ടിഫിക്കറ്റ് ടൂറിസം വകുപ്പ് നൽകിയിട്ടുളളതായാണ് അറിവ്. എന്നാൽ നഗരസഭ എൻ.ഒ.സി നൽകിയപ്പോൾ നിർദ്ദേശിച്ചിരുന്ന കാര്യങ്ങൾ പാലിക്കാത്തതിനാൽ നടപടിയുണ്ടാകുമെന്ന് ചെയർമാൻ കെ.എം.ലാജി പറഞ്ഞു.

Advertisement
Advertisement