പ്രദ്യുത് ദേബ്- അമിത് ഷാ കൂടിക്കാഴ്ച

Thursday 09 March 2023 1:26 AM IST

ന്യൂഡൽഹി:തിപ്രമോത പാർട്ടി തലവൻ പ്രദ്യുദ് ദേബ് ബർമ്മ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ മണിക് സാഹ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഇരു നേതാക്കളും പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയത്. പ്രത്യുദ് ദേബ് ബർമ്മന്റെ നേതൃത്വത്തിലുളള ആറംഗ സംഘം ചർച്ചയിൽ പങ്കെടുത്തു. ബി.ജെ.പിയുമായുള്ള സഖ്യവും മന്ത്രിസഭാ പ്രവേശനവും ചർച്ച ചെയ്തില്ലെന്ന് പ്രത്യുദ് ദേബ് വ്യക്തമാക്കി. പ്രത്യുദ് ഉന്നയിച്ച കാര്യങ്ങൾ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയുമായി ചർച്ച നടത്താൻ അമിത് ഷാ മുഖ്യമന്ത്രി മണിക് സാഹയ്ക്ക് നിർദേശം നൽകി. മന്ത്രിസഭ പ്രവേശനം, സഖ്യം എന്നിവ സംബന്ധിച്ച് ചർച്ച നടന്നില്ലെന്ന് സംസ്ഥാന ചുമതലയുള്ള ബി.ജെ.പി നേതാവ് സംബിത് പത്ര പറഞ്ഞു.

അമിത് ഷായ്ക്ക്

നന്ദിയെന്ന് പ്രത്യുദ്

ത്രിപുരയിലെ മണ്ണിന്റെ മക്കളുടെ യഥാർത്ഥ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നന്ദി പറയുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം തിപ്രമോത തലവൻ പ്രത്യുദ് ദേബ് ബർമ്മൻ പറഞ്ഞു. ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടിയുള്ള ബൃഹത്തായ സംഭാഷണങ്ങൾക്കാണ് തുടക്കമിട്ടത്. ഗോത്രവിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള ശ്രമം ആരംഭിച്ചു. ഇതിനായി ഒരു ഇടനിലക്കാരനെ നിയമിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളിൽ ഇത് നടപ്പിലാക്കും. അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയുടെ ഭാഗമായി മുഖ്യമന്ത്രിയുമായി തുടർച്ചയായ ചർച്ചകളുണ്ടാകും. ഇതിലൂടെ ഗോത്രവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്ക് ഭരണഘടനാപരമായ പരിഹാരമുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്.

ഗോത്രവർഗത്തിന്റെ പേരിൽ സംസ്ഥാനത്തെ വിഭജിക്കാൻ ബി.ജെ.പി തയാറല്ലാത്ത സാഹചര്യത്തിൽ ടിപ്രമോത പാർട്ടി ഭരിക്കുന്ന ത്രിപുര ട്രൈബൽ ഏരിയാ സ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിന് സാമ്പത്തിക, നിയമനിർമ്മാണ, എക്സിക്യൂട്ടീവ് തലത്തിൽ കൂടുതൽ അധികാരങ്ങൾ നൽകാനുള്ള ചർച്ചയാണ് നടക്കുന്നത്.