കനിയാതെ സർക്കാർ: കണ്ണീരുണങ്ങാതെ ഖാദി തൊഴിലാളികൾ

Thursday 09 March 2023 1:07 AM IST

തൃശൂർ: മിനിമം കൂലിയും ഡി.എയും പതിനാല് മാസമായി സർക്കാരിൽ നിന്ന് കിട്ടാതായതോടെ, ഖാദി നൂൽപ്പ്, നെയ്ത്ത് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. 95 ശതമാനവും സ്ത്രീ തൊഴിലാളികളുള്ള മേഖലയിൽ രണ്ട് വർഷമായി യാൺ ഇൻസന്റീവും കുടിശ്ശികയാണ്. ഖാദി ബോർഡ്, സർവോദയ സംഘം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ, ഗാന്ധി സ്മാരക നിധി, വിവിധ സംഘങ്ങൾ തുടങ്ങിയവയ്ക്ക് കീഴിലാണ് തൊഴിലാളികളുള്ളത്.

പ്രതിദിനം 104 രൂപ ഡി.എ നൽകേണ്ടത് സർക്കാരാണ്. പുറമേ, ഒരു കഴി നൂൽക്കുമ്പോഴും നാല് മീറ്റർ നെയ്യുമ്പോഴുമുള്ള 14.90 രൂപ വീതം മിനിമം കൂലി ജോലി ചെയ്യുന്ന സ്ഥാപനവും സർക്കാരും ചേർന്ന് നൽകണം. നൂൽപ്പുകാർക്ക് പ്രതിദിനം 24 കഴിയും നെയ്ത്തുകാർക്ക് നാല് മീറ്ററുമാണ് ടാർഗറ്റ്. നെയ്ത്തിന് മീറ്ററിന് 54 രൂപയും സ്ഥാപനം നൽകും.

നൂലിന്റെ തരത്തിനനുസരിച്ച് ടാർഗറ്റ് മാറും. ടാർഗറ്റ് പൂർത്തിയായില്ലെങ്കിൽ ചെയ്ത ജോലിക്കുള്ള വേതനമുണ്ടാകും. ചർക്കയും തറിയും മറ്റും കേടാകുമ്പോഴും ജോലി മുടങ്ങാറുണ്ട്. തകരാർ പരിഹരിക്കാൻ ടെക്‌നീഷ്യന്മാരും കുറവാണ്.

സർക്കാർ ആനുകൂല്യമുണ്ടെങ്കിൽ തൊഴിലാളിക്ക് ലഭിക്കാവുന്ന പ്രതിദിന വരുമാനം 461രൂപയാണ്. ഇപ്പോൾ കിട്ടുന്നത് സ്ഥാപന വിഹിതമായ 180 രൂപ. വെൽഫയർ ഫണ്ടും മറ്റും കിഴിച്ച് 150.

യാൺ ഇൻസന്റീവ്

(ഒരു കഴിക്ക്)

നൂൽപ്പിന് 60 പൈസ

നെയ്ത്തിന് 1.80

സംസ്ഥാനത്ത് തൊഴിലാളികൾ -14,000

ഒരു തൊഴിലാളിക്ക് കുടിശ്ശിക-

35,000 മുതൽ 70,000 വരെ

32 വർഷമായി ജോലി ചെയ്യുന്നു. രണ്ട് വർഷമായി പ്രതിസന്ധിയിലാണ്. സർക്കാർ സഹായമില്ലാതെ ജീവിക്കാനാകില്ല.

എൻ.എൻ.രാധ,

തൊഴിലാളി