രാഹുല്‍ മാങ്കൂട്ടം സഞ്ചരിച്ച കാറിന് നേരെ അതിക്രമമെന്ന്
പുതുക്കാട് : യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, രാഹുൽ മാങ്കൂട്ടം സഞ്ചരിച്ച കാറിന് നേരെ പാലിയേക്കര ടോൾ പ്ലാസ ജീവനക്കാർ അതിക്രമം കാട്ടിയതായി പരാതി. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.
ടോൾ നൽകി കടന്നുപോവുകയായിരുന്ന രാഹുലിന്റെ കാറിന് പിറകിൽ മറ്റൊരു കാർ ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിച്ചു. ആ വാഹനത്തെ തടഞ്ഞുനിറുത്താനായി രാഹുലിന്റെ കാറിന് നേരെ ഇരുമ്പു വടി എറിഞ്ഞെന്നാണ് പരാതി, കാറിന്റെ മുൻവശം തകർന്നു. കാർ നിറുത്തി ജീവനക്കാരനെ ചോദ്യം ചെയ്ത രാഹുലിനോട് ടോൾ പ്ലാസ ജീവനക്കാർ മോശമായി പെരുമാറിയെന്നും പറയുന്നു.
സംഭവമറിഞ്ഞതോടെ കോൺഗ്രസ്, യൂത്ത് കോൺസ് പ്രവർത്തകർ ടോൾ പ്ലാസയിലെത്തി. ടോൾ പ്ലാസകൾ തുറന്നു വിട്ട് പ്രതിഷേധിച്ചു. പുതുക്കാട് നിന്നെത്തിയ പൊലീസാണ് രംഗം ശാന്തമാക്കിയത്. പിന്നീട് രാഹുലും പ്രവർത്തകരും പുതുക്കാട് സ്റ്റേഷനിലെത്തി പരാതി എഴുതി നൽകി. തുടർന്ന് കാറിന് നേരെ ആക്രമണം നടത്തിയ ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു.