ഗോവയും കേരളവും ടൂറിസത്തിൽ കൈകോർക്കണമെന്ന് അഡ്വ.പി.എസ്.ശ്രീധരൻ പിള്ള

Thursday 09 March 2023 1:16 AM IST

ചാലക്കുടി: ഗോവയും കേരളവും കൈ കോർത്താൽ വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാക്കാനാകുമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള.

അന്നനാട് വേലുപ്പിള്ളി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിച്ച സാംസ്‌കാരിക സമ്മേളനത്തിനെത്തിയ അദ്ദേഹം കേരള കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവയിൽ ഓരോ പൗരന്റെയും ആളോഹരി വരുമാനത്തിന്റെ സിംഹഭാഗവും ടൂറിസത്തിൽ നിന്നും ലഭിക്കുന്നതാണ്. അവിടെ വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റങ്ങളും നടക്കുന്നു. കേരളത്തിലും ടൂറിസത്തിന് അനന്തമായ സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. ഇതിനെ കൂടുതൽ പ്രയോജനപ്പെടുത്താൻ കേരള സർക്കാർ സജ്ജമാകുമെന്നാണ് പ്രതീക്ഷ. ഒത്തൊരുമിച്ചുള്ള പാക്കേജുകൾക്ക് ഗോവ തയ്യാറാണ്. ഇതിന്റെ മുന്നോടിയായിട്ടാണ് ഗോവ-തിരുവനന്തപുരം വിമാന സർവീസ് വിസ്താര ആരംഭിച്ചത്. കേരളത്തിന്റെ എല്ലാ ജില്ലകളും വ്യത്യസ്ത പൈതൃകങ്ങളാൽ സമ്പന്നമാണ്. ഇതിനെ പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് മലയാളിയെന്ന നിലയിൽ തന്റെ ആഗ്രഹമെന്നും ഗോവ ഗവർണർ പറഞ്ഞു.