പെൺകരുത്തായി 'സാഫ് ' , വറുതിയൊഴിഞ്ഞ് തീരം

Thursday 09 March 2023 1:18 AM IST

തൃശൂർ: ചേറ്റുവ, മുനമ്പം ഹാർബറുകളിൽ നിന്ന് പച്ചമത്സ്യം നേരിട്ടെത്തിച്ച് ഒളരിയിൽ വിൽക്കുന്ന ഈ നാലുവനിതകൾ വനിതാദിനത്തിൽ പ്രതീക്ഷയും മാതൃകയുമായി. മത്സ്യമേഖലയിലെ സുസ്ഥിര വികസനം കുടുംബങ്ങളിൽ നിന്നും ആരംഭിക്കണമെന്നുള്ള ദീർഘവീക്ഷണം മുന്നിൽക്കണ്ട് വനിതകൾക്കായി 2005 ൽ ഫിഷറീസ് വകുപ്പിന് കീഴിൽ ആരംഭിച്ച സൊസൈറ്റി ഹേർ അസിസ്റ്റൻസ് ടു ഫിഷ് വിമെൻ (സാഫ്) ആണ് മത്സ്യത്തൊഴിലാളികളായ മിനി മുരളി, ശിവ രഞ്ജിനി, ഇന്ദിര, രാജേശ്വരി എന്നിവർക്ക് തുണയായത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ചക്രശ്വാസം വലിച്ചിരുന്ന തീരദേശത്തെ കരകയറ്റുകയായിരുന്നു സാഫിന്റെ ഈ പെൺകരുത്ത്. നാലുപേരും സംയുക്തമായി പദ്ധതിയുടെ സഹായം സ്വീകരിച്ച് ജില്ലയിലെ ഒളരിയിൽ 2018 ൽ പ്രവർത്തനം ആരംഭിച്ച യൂണിറ്റാണ് ഫ്രഷ് പ്യുവർ ഡെയ്‌ലി മാർട്ട്. ഓരോ വീട്ടിൽ നിന്നും ഓർഡർ സ്വീകരിച്ച് ആവശ്യത്തിനനുസരിച്ച് പച്ചമത്സ്യം വെട്ടി വൃത്തിയാക്കി എത്തിച്ചുകൊടുക്കുന്നുമുണ്ട്. ഒളരി പുല്ലഴിയിൽ തുടങ്ങിയ യൂണിറ്റിന്റെ ബ്രാഞ്ചുകൾ ഫിഷ് കിയോസ്‌കോട് കൂടി വടൂക്കര, കോടന്നൂർ, കൊറ്റനെല്ലൂർ എന്നീ ഭാഗങ്ങളിലും ആരംഭിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ വരുമാനമാർഗം

പ്രതിമാസം 4 അംഗങ്ങൾക്ക് 90ൽ അധികം തൊഴിൽ ദിനങ്ങളിലൂടെ ആറ് ലക്ഷത്തിലധികം വിറ്റുവരവ് ഉണ്ടാക്കി 20,000 രൂപ വരെ ഒരംഗത്തിന് വരുമാനം ഉറപ്പിക്കാനും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാനും സാധിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പ് ഒരുക്കുന്ന സാഫ് പദ്ധതിയിലൂടെ ഇത്തരത്തിൽ ജീവിതം നയിക്കുന്ന ഒട്ടനവധി വനിതകൾക്ക് മാതൃകയാണ് ഇവർ. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിച്ച് ചെറുകിട തൊഴിൽ സംരംഭമാരംഭിക്കാനായി ഒരു യൂണിറ്റിന് 5 ലക്ഷം രൂപ (ഒരംഗത്തിന് ഒരു ലക്ഷം) വരെ ഗ്രാന്റ് നൽകുന്നു.

സാഫ് പദ്ധതി ഇങ്ങനെ

അശരണർക്ക് ആലംബമേകാൻ വകുപ്പ് 2005 മുതൽ ആരംഭിച്ച തീരമൈത്രിയുടെ ഭാഗം.

പദ്ധതി വിഹിതം പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റ് 20 ശതമാനം ബാങ്ക് ലോൺ 5 ശതമാനം ഗുണഭോക്തൃവിഹിതം