അടിയും തടയും പഠിച്ചു ; സ്വയരക്ഷയ്ക്ക് തയ്യാറായി വനിതാ ഡോക്ടർമാർ

Thursday 09 March 2023 1:39 AM IST

തിരുവനന്തപുരം: ജോലിക്കിടയിലും ജീവനാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് അടിയും തടയും പഠിച്ച് വനിതാ ഡോക്ടർമാർ. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കായി സ്വയം സുരക്ഷയ്‌ക്കുള്ള രീതികളെപ്പറ്റിയുള്ള പരിശീലന പരിപാടിയിൽ വനിതാ ഡോക്ടർമാർ പങ്കെടുത്തു.

വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വസ്‌തി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് കെ.ജി.എം.സി.ടി.എ പരിശീലന പരിപാടി ആരംഭിച്ചത്. കേരള പൊലീസിന്റെയും സ്‌പോർട്സ് കൗൺസിലിന്റെയും അംഗീകൃത സ്വയം പ്രതിരോധ കോച്ചായ വിനോദിന്റെ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെ 60ഓളം ഡോക്ടർമാർക്ക് ആദ്യ ദിനത്തിൽ പരിശീലനം നൽകി. മെഡിക്കൽ കോളേജിലെ എം.ഡി.ആർ.എൽ ഹാളിൽ ആരംഭിച്ച പരിശീലന പരിപാടി കെ.ജി.എം.സി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോസ്‌നരാ ബീഗം ഉദ്ഘാടനം ചെയ്‌തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ മുഖ്യാതിഥിയായി. കെ.ജി.എം.സി.ടി.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ.ആർ.സി. ശ്രീകുമാർ, സെക്രട്ടറി ഡോ. കലേഷ് സദാശിവനും തുടങ്ങിയവർ പങ്കെടുത്തു.