സ്ത്രീകൾക്ക് തടസങ്ങളില്ലാതെ എല്ലാ മേഖലയിലും കടന്നുവരാനാകണം: മന്ത്രി സജി ചെറിയാൻ

Thursday 09 March 2023 2:36 AM IST

തിരുവനന്തപുരം: ഓരോ വനിതാദിനവും ആഹ്വാനങ്ങളിലും കടലാസുകളിലും ഭംഗിയുള്ള പോസ്റ്ററുകളിലും ഒതുങ്ങിയാൽപ്പോരെന്നും എല്ലാമേഖലകളിലും സ്ത്രീകൾക്ക് തടസമില്ലാതെ കടന്നുവരാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വനിതാ ദിനാഘോഷചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

സമം പദ്ധതിയുടെ അംബാസിഡർ കെ.എസ്. ചിത്ര, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാക്ഷരതാ മിഷൻ കലോത്സവ പ്രതിഭ താമരാക്ഷിയമ്മ, സിനിമാതാരം ശാന്തി കൃഷ്ണ, രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാര ജേതാവ് കെ.എം. ബീനമോൾ, എഴുത്തുകാരിയും സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവുമായ ചന്ദ്രമതി, ഡോ. ലിസ്ബ യേശുദാസ്, പ്രായത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ എസ്. അനിതകുമാരി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്‌തു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി.

കെ.എസ്.എഫ്.ഡി.സി നിർമിച്ച് ജെ. ശിവരഞ്ജിനി സംവിധാനം ചെയ്യുന്ന വിക്ടോറിയ എന്ന ചിത്രത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ഗാനാവതരണം,നാടകം,സന്തോഷ് കീഴാറ്റൂരിന്റെ പെൺ നടൻ എന്ന ഏകാംഗ നാടകം,ജസ്റ്റിസ് ഫാത്തിമ ബീവിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം,ആർ. പാർവതീദേവി മോഡറേറ്റ് ചെയ്‌ത സമത്വവും സാമൂഹിക നീതിയും എന്ന ഓപ്പൺ ഫോറവും നടന്നു.