വിമാനത്തിന്റെ പൂർണനിയന്ത്രണം ഏറ്റെടുത്ത് വനിതകൾ

Thursday 09 March 2023 2:40 AM IST

ശംഖുംമുഖം: വനിതാദിനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മസ്‌ക്കറ്റിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമായ ഐ.എക്സ് 549ാം നമ്പർ വിമാനത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്ത് വനിതകൾ. പൈലറ്റ് ക്യാപ്ടൻ സുധിയാ മെർഫിയുടെ നേതൃത്വത്തിൽ വനിതാ കോപൈലറ്റ് നാല് വനിതാ ക്രൂ അടങ്ങുന്ന ആറംഗ സംഘമാണ് നാല് മണിക്കൂർ നീണ്ട പറക്കലിന് ചുക്കാൻ പിടിച്ചത്. രാവിലെ 7.15നാണ് ഒരു കുട്ടിയടക്കം 116 യാത്രക്കാരുമായി വിമാനം മസ്‌ക്കറ്റിലേക്ക് പറന്നത്. യാത്രക്കാരെല്ലാം വിമാനത്തിൽ കയറിയതിനു പിന്നാലെ കോക്ക് പിറ്റിൽ നിന്ന് വനിതാദിനാശംസകൾ അറിയിച്ചുള്ള സന്ദേശമെത്തി. തുടർന്ന് ഇന്ന് വിമാനം നിയന്ത്രിക്കുന്നത് വനിതകളാണെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നുള്ള സന്ദേശവുമെത്തി. വിമാനം മസ്‌ക്കറ്റിലെത്തിയതിന് ശേഷം യാത്രക്കാർ ക്രൂ മെമ്പർമാർക്ക് ആശംസകൾ നേരാനും മറന്നില്ല. അതേസമയം വർഷങ്ങളായി വനിതാദിനത്തിൽ ഒരു ഷിഫ്റ്റിലെങ്കിലും പൂർണമായും വനിതകൾ മാത്രം ഉൾപ്പെടുന്ന സംഘം തലസ്ഥാനത്തിന്റെ എയർട്രാഫിക്ക് കൺട്രോൾ ടവറിലെ സംവിധാനങ്ങൾ നിയന്ത്രിച്ചിരുന്നു, എന്നാൽ ഇത്തവണ വനിതകൾക്ക് ട്രാഫിക്ക് നിയന്ത്രണത്തിന്റെ പൂർണ ചുമതല നൽകാൻ എ.ടി.സി അധികൃതർ തയാറായില്ലെന്ന് അക്ഷേപമുയർന്നു. മുൻ വർഷങ്ങളിലെ വനിതാദിനത്തിൽ എ.ടി.സിയുടെ ചുമതല പൂർണമായും ഏറ്റെടുത്ത് നിർവഹിച്ച വനിതകൾ നിരവധി പ്രശംസകളും നേടിയിരുന്നു.

Advertisement
Advertisement