റെയ്ഡിനിടെ ഏറ്റുമുട്ടൽ; 6 മരണം

Thursday 09 March 2023 6:53 AM IST

ടെൽ അവീവ് : വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ റെയ്ഡിനിടെ ആറ് പലസ്തീൻകാർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ജെനിനിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കഴിഞ്ഞാഴ്ച വെസ്റ്റ് ബാങ്കിലെ ഹവാര പട്ടണത്തിൽ രണ്ട് ഇസ്രയേൽ വംശജർ കൊല്ലപ്പെട്ടതിന് പിന്നിലെ പലസ്തീൻ വംശജനെ തേടിയാണ് സൈന്യം റെയ്ഡ് നടത്തിയത്. ഇതിനിടെ തോക്കുധാരികളുമായി ഏറ്റുമുട്ടലുണ്ടായി. ഹമാസ് അംഗത്തെ വധിച്ചെന്നും ഇയാളുടെ രണ്ട് മക്കളെ അറസ്റ്റ് ചെയ്തെന്നും ഇസ്രയേൽ അറിയിച്ചു. രണ്ട് ഇസ്രയേലി സൈനികർക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

 അലെപ്പോ വിമാനത്താവളത്തിൽ ഇസ്രയേൽ വ്യോമാക്രമണം: 3 മരണം

സിറിയയിലെ അലെപ്പോ വിമാനത്താവളത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം, ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിറുത്തിവച്ചു. തുർക്കി - സിറിയ ഭൂകമ്പ ബാധിത മേഖലകളിലേക്ക് സഹായവുമായി 80ലേറെ വിമാനങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടെ അലെപ്പോയിൽ ലാൻഡ് ചെയ്തിരുന്നു.

ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ തകർന്ന റൺവേയിൽ അറ്റക്കുറ്റപ്പണി പൂർത്തിയാക്കാതെ ഇത്തരം വിമാനങ്ങൾക്ക് ഇനി ഇവിടെ ഇറങ്ങാനാകില്ലെന്ന് അധികൃതർ പറഞ്ഞു. സഹായവുമായി എത്തുന്ന വിമാനങ്ങളെ ഡമാസ്കസ്, ലതാകിയ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.