ദക്ഷിണ കൊറിയയിൽ ആയിരത്തിലേറെ നായകളെ പട്ടിണിക്കിട്ട് കൊന്നു !
സോൾ : അനാഥരായ 1000ത്തിലേറെ നായകളെ പട്ടിണിക്കിട്ട് കൊന്ന് കൊടും ക്രൂരത. ദക്ഷിണ കൊറിയയിലാണ് സംഭവം. ജിയോംഗി പ്രവിശ്യയിലെ 60 വയസുള്ള ഒരാൾ ഉപേക്ഷിക്കപ്പെടുന്ന നായകളെ ദത്തെടുത്ത ശേഷം അവയെ മരണം വരെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാൾക്ക് പിന്നിൽ ചില നായ വില്പന സംഘങ്ങളുണ്ടെന്നും ആരോപിക്കപ്പെടുന്നു.
പ്രജനന കാലം കഴിഞ്ഞതോ വിപണിയിൽ ആവശ്യക്കാരില്ലാത്തതോ ആയ നായകളെ ഇല്ലാതാക്കാൻ സംഘം ഇയാളെ ഏർപ്പെടുത്തുകയായിരുന്നെന്നും 2020 മുതൽ ഒരു നായയ്ക്ക് 10,000 വോൺ വീതം ഇയാൾക്ക് പ്രതിഫലം ലഭിച്ചിരുന്നതായും പറയുന്നു. തനിക്ക് ലഭിച്ചിരുന്ന നായകളെ ഇയാൾ കൂട്ടിലാക്കി പൂട്ടിയ ശേഷമായിരുന്നു ക്രൂരത. കാണാതായ തന്റെ വളർത്തുനായയ്ക്കായി തെരച്ചിൽ നടത്തിയ ഒരു പ്രദേശവാസിയാണ് സംഭവം പുറത്തുകൊണ്ടു വന്നത്.
60കാരന്റെ വീട്ടിൽ നായകളുടെ മൃതദേഹങ്ങൾ ഒന്നിന് മുകളിൽ ഒന്നായി കൂട്ടിയിട്ടിരിക്കുന്നത് കണ്ടതായി ഇയാൾ പറയുന്നു. ഇവ നീക്കം ചെയ്യാനുള്ള നടപടികൾ പ്രാദേശിക ഭരണകൂടം ആരംഭിച്ചു. ഇവിടെ നിന്ന് രക്ഷപെടുത്തിയ നാല് നായകൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മൃഗങ്ങൾക്ക് ആഹാരം നൽകാതെ ബോധപൂർവം കൊല്ലുന്നവർക്ക് ദക്ഷിണ കൊറിയയിൽ 3 വർഷം വരെ ജയിൽ ശിക്ഷയോ 30 മില്യൺ വോൺ പിഴയോ ലഭിക്കാം. എന്നിട്ടും രാജ്യത്ത് മൃഗങ്ങളോടുള്ള ക്രൂരത ഉയരുകയാണെന്നാണ് കണക്കുകൾ. 2010 - 2019 കാലയളവിനിടെ മൃഗങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 69ൽ നിന്ന് 914 ആയി ഉയർന്നു.