'മറുപടിക്ക് പോലും യോഗ്യതയില്ല ': പാകിസ്ഥാനെതിരെ ഇന്ത്യ

Thursday 09 March 2023 6:54 AM IST

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതിയിൽ കാശ്മീർ വിഷയം ഉന്നയിച്ച പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്ക് ചുട്ടമറുപടി നൽകി ഇന്ത്യയുടെ യു.എൻ അംബാസഡർ രുചിര കംബോജ്. മൊസാംബീക്കിന്റെ അദ്ധ്യക്ഷതയിൽ സമിതിയിൽ സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവ ആധാരമാക്കി നടന്ന ചർച്ചയ്ക്കിടെയാണ് ബിലാവൽ കാശ്മീർ വിഷയം ഉന്നയിച്ച് ഇന്ത്യയെ വിമർശിച്ചത്.

യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ഇരകളാകുന്നത് സ്ത്രീകളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിലാവൽ ആരംഭിച്ചത്. അധിനിവേശവും ജനങ്ങളുടെ സ്വയം നിർണയാവകാശം അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുന്നു. സാധാരണ ജനങ്ങളെ അടിച്ചമർത്തുകയെന്നതാണ് അക്രമങ്ങളുടെ ലക്ഷ്യം. പലസ്തീനിലും ജമ്മു കാശ്മീരിലും ഇത് വ്യക്തമാണെന്നും ഈ കുറ്റകൃത്യങ്ങൾക്കെതിരെ നടപടി അത്യാവശ്യമാണെന്നും ബിലാവൽ ആരോപിച്ചു.

എന്നാൽ, ബിലാവലിന്റെ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമായ പരാമർശങ്ങൾ മറുപടിക്ക് പോലും യോഗ്യത ഇല്ലാത്തതാണെന്നും തള്ളിക്കളയുന്നെന്നും രുചിര തിരിച്ചടിച്ചു. പാകിസ്ഥാന്റെ ദുരുദ്ദേശ്യത്തോടെയും തെ​റ്റായതുമായ പ്രചരണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.

ജമ്മു കാശ്മീറും ലഡാക്കും എന്നും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യ പല തവണ യു.എന്നിൽ പാകിസ്ഥാന് മറുപടി നൽകിയിട്ടുണ്ട്. പാകിസ്ഥാനുമായി സാധാരണ ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനായി തീവ്രവാദവും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കേണ്ട കടമ പാകിസ്ഥാനാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞാഴ്ച കാ​ശ്‌​മീ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​യു.​എ​ൻ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​കൗ​ൺ​സി​ലി​ൽ​ ​ഇ​ന്ത്യ​യെ​ ​വി​മ​ർ​ശി​ച്ച​ ​പാ​ക് ​വി​ദേ​ശ​കാ​ര്യ​ ​സ​ഹ​മ​ന്ത്രി​ ​ഹി​ന​ ​റ​ബ്ബാ​നി​ ​ഖ​റിനെതിരെയും ​ഇ​ന്ത്യ ആഞ്ഞടിച്ചിരുന്നു. കാ​ശ്‌​മീ​ർ​ ​ജ​ന​ത​യു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ഇ​ന്ത്യ​ ​നി​ഷേ​ധി​ക്കു​ന്നു​ ​എ​ന്നായിരുന്നു ​ഹി​ന​യുടെ ആരോപണം. ​എന്നാൽ, ​പാ​കി​സ്ഥാ​നി​ൽ​ ​മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ​സ്വ​ത​ന്ത്ര​മാ​യി​ ​ജീ​വി​ക്കാ​ൻ​ ​പോലും ക​ഴി​യു​ന്നി​ല്ലെ​ന്ന് ​ഇ​ന്ത്യ​ൻ​ ​പ്ര​തി​നി​ധി​ ​സീ​മ​ ​പൂ​ജാ​നി​ ​തി​രി​ച്ച​ടി​ച്ചിരുന്നു.

​മ​ത​നി​ന്ദാ ​നി​യ​മ​ത്തി​ന്റെ​ പേരിൽ ​ക്രി​സ്ത്യ​ൻ​ ​വി​ഭാ​ഗ​ത്തെ​ ​വേ​ട്ട​യാ​ടു​ന്നെന്നും ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​ക്രി​സ്‌​ത്യ​ൻ,​ ​ഹി​ന്ദു,​ ​സി​ക്ക് ​പെ​ൺ​കു​ട്ടി​ക​ളെ​ ​ഇ​സ്ലാം​ ​മ​ത​ത്തി​ലേ​ക്ക് ​നി​ർ​ബ​ന്ധ​മാ​യി​ ​പ​രി​വ​ർ​ത്ത​നം​ ​ചെ​യ്യു​ന്നെന്നും സീമ ചൂണ്ടിക്കാട്ടി. ​പാ​ക് ​ഭ​ര​ണ​കൂ​ട​വും​ ​ജു​ഡി​ഷ്യ​റി​യും​ ​അ​തി​ന് ​കൂട്ടുനിൽക്കുന്നെന്നും സീമ തുറന്നടിച്ചിരുന്നു.