ഇറാനിലെ വിഷപ്രയോഗം : ആദ്യ അറസ്റ്റ് രേഖപ്പെടുത്തി  കേസുകൾ 5,​000 കടന്നു

Thursday 09 March 2023 6:54 AM IST

ടെഹ്‌റാൻ : വിദ്യാഭ്യാസം നേടുന്നത് തടയാൻ ഇറാനിൽ പെൺകുട്ടികൾക്ക് നേരെ അജ്ഞാതർ വിഷ വാതക പ്രയോഗം നടത്തിയ സംഭവങ്ങളിൽ പ്രതികളെന്ന് സംശയിക്കുന്ന ചിലർ അറസ്റ്റിൽ. നവംബർ മുതലാണ് തലവേദന, ശ്വസന ബുദ്ധിമുട്ടുകൾ, ഹൃദയമിടിപ്പിലെ തകരാറ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളോടെ പെൺകുട്ടികൾ ചികിത്സ തേടാൻ തുടങ്ങിയത്. വിഷബാധയേറ്റവരുടെ എണ്ണം 5,​000 കടന്നു. ഒരു കുട്ടിയുടെ രക്ഷിതാവ് അടക്കം ആറ് പ്രവിശ്യകളിൽ നിന്നാണ് അറസ്റ്റുകളുണ്ടായതെന്ന് ആഭ്യന്തര സഹമന്ത്രി മജീദ് മിറാഹ്‌മദി പറഞ്ഞു. ഇന്റലിജൻസ് ഏജൻസികളാണ് അറസ്റ്റിന് പിന്നിലെന്നും അന്വേഷണം തുടരുകയാണെന്നും മജീദ് വ്യക്തമാക്കി. എന്നാൽ എത്ര പേർ അറസ്റ്റിലായെന്നോ പെൺകുട്ടികൾക്ക് നേരെ പ്രയോഗിച്ച വിഷ പദാർത്ഥം എന്താണെന്നോ വ്യക്തമാക്കിയില്ല. രാജ്യത്തെ 31ൽ 25 പ്രവിശ്യകളിൽ 230ഓളം സ്കൂളുകളിൽ വിഷബാധ റിപ്പോർട്ട് ചെയ്തെന്നും വിഷ ബാധയേറ്റവരിൽ ആൺ കുട്ടികളുമുണ്ടെന്നും സംഭവത്തെ പറ്റി അന്വേഷിക്കുന്ന പാർലമെന്ററി കമ്മിറ്റി അംഗം മുഹമ്മദ് ഹസൻ അസാഫരി പറഞ്ഞു. വിവിധ പരിശോധനകൾ നടത്തിയെങ്കിലും വിഷബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. പെൺകുട്ടികൾക്ക് വേണ്ടിയുള്ള സ്കൂളുകൾ അടച്ചുപൂട്ടിക്കുകയും അവരുടെ വിദ്യാഭ്യാസം ഇല്ലാതാക്കുകയുമാണ് സംഭവത്തിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് ആരോഗ്യ ഉപമന്ത്രിയായ യൂനസ് പനാഹി ആരോപിച്ചിരുന്നു.

Advertisement
Advertisement