കള്ളനോട്ട് കേസിൽ കൃഷി ഓഫീസർക്ക് സസ്പെൻഷൻ; മോഡലിംഗ് രംഗത്തും സജീവമായ ജിഷമോളുടെ പണത്തിന്റെ ഉറവിടം തേടി പൊലീസ്

Thursday 09 March 2023 3:18 PM IST

ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം ജിഷമോളെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കള്ളനോട്ട് കേസില്‍ ജിഷമോളെ പൊലീസ് പിടികൂടിയത്.

ജിഷമോളില്‍ നിന്ന് കിട്ടിയ നോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ജിഷമോളെ പരിചയമുള്ള മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകളുമായി ബാങ്കിലെത്തിയത്. നോട്ടുകള്‍ നല്‍കിയത് ജിഷമോളാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയതോടെ ഇവരെ പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. എന്നാല്‍ ഏറെനേരം ചോദ്യംചെയ്തിട്ടും കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ഇവർ തയ്യാറായില്ലെന്നാണ് വിവരം. ഇതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെടുക്കാനായില്ല.

അതേസമയം, ജിഷമോളെ കള്ളനോട്ട് നല്‍കി മറ്റൊരെങ്കിലും കെണിയില്‍പ്പെടുത്തിയതാണോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ആലപ്പുഴ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ജിഷമോള്‍ മോഡലിംഗ് രംഗത്തും സജീവമാണ്. നിരവധി ഫാഷന്‍ഷോകളില്‍ ഇവർ പങ്കെടുത്തിട്ടുമുണ്ട്. ബിഎസ്‌സി അഗ്രിക്കള്‍ച്ചറല്‍ ബിരുദധാരിയായ ഇവര്‍ നേരത്തെ എയര്‍ഹോസ്റ്റസായി ജോലിചെയ്തിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. 2009ൽ സ്‌പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായിരുന്നു. പിന്നീട് മൂവാറ്റുപുഴയില്‍ വിഎച്ച്‌എസ്‌ഇ ട്യൂട്ടറായി. 2013ലാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്.