''30 വർഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് കോടികൾ മുടക്കി പണിത ടാറ്റാ ആശുപത്രി പൊളിക്കുന്നത് സർക്കാരിന്റെ പിടിപ്പുകേട്''

Thursday 09 March 2023 5:51 PM IST

കാസർഗോഡ്: 30 വർഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് കോടികൾ മുടക്കി പണിത ചട്ടഞ്ചാൽ ടാറ്റാ കൊവിഡ് ആശുപത്രി പൊളിച്ച് മാറ്റുന്നത് സർക്കാരിന്റെ അലംഭാവം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണി നടത്താത്തതു കൊണ്ടാണ് 60 കോടി മുടക്കി ടാറ്റ സിഎസ്ആർ ഫണ്ടിൽ നിർമ്മിച്ച ആശുപപത്രി പൊളിക്കേണ്ടി വരുന്നത്.

കാസർഗോട്ടെ ജനങ്ങളെ രണ്ടാംതരം പൗരൻമാരായി കാണുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. കൊവിഡ് സമയത്ത് ജില്ലയിൽ നല്ലൊരു ആശുപത്രി ഇല്ലാത്തതിനാൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ആശുപത്രി കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ ശേഷം വെറുതെ കിടന്നതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമായത്. നിർമ്മിച്ചു നൽകിയത് ടാറ്റ ആണെങ്കിലും പരിപാലിക്കേണ്ട ഉത്തരവാദിത്വമുള്ള സംസ്ഥാന സർക്കാർ ഒന്നും ചെയ്‌തില്ലെന്നത് ഞെട്ടിക്കുന്നതാണ്. കൊവിഡിന് ശേഷം ആശുപത്രി മറ്റു രോഗങ്ങൾക്ക് ഉപയോഗിക്കാമെന്ന സർക്കാരിന്റെ വാക്ക് പാഴ് വാക്കാവുകയായിരുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കെട്ടിടം ചോർന്നൊലിക്കുകയാണ്. പ്ലൈവുഡ് കൊണ്ട് നിർമ്മിച്ച തറ നാശാവസ്ഥയിലാണ്. ആശുപത്രിയിലെ കണ്ടെയിനറുകളിലെല്ലാം വ്യാപകമായ ചോർച്ചയാണ്. എന്നിട്ടും സർക്കാർ ഒന്നും ചെയ്‌തില്ലെന്നത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആരോഗ്യരംഗത്ത് നമ്പർ വണ്ണാണെന്ന് പറയുന്ന സംസ്ഥാനത്തിലെ ഒരു ജില്ലയിൽ നല്ലൊരു ആശുപത്രി പോലും ഇല്ല. ഉള്ള ആശുപത്രി ഇല്ലാതാക്കുന്നതിലാണ് സർക്കാർ താത്പര്യം കാണിക്കുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.