പരീക്ഷ  കഴിഞ്ഞതിന്  പിന്നാലെ  സ്കൂളിലെ  ക്ലാസ്‌മുറികൾ  അടിച്ചുതകർത്തു; വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

Thursday 09 March 2023 6:53 PM IST

ചെന്നെെ: പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്കൂളിലെ ക്ലാസ്‌മുറികൾ അടിച്ചുതകർത്ത് വിദ്യാർത്ഥികൾ. ധർമപുരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ ക്ലാസ് റൂമിലെ ഫർണീച്ചറുകൾ ഉൾപ്പെടെ അടിച്ചുതകർത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്ലസ് വൺ, പ്ലസ്‌ ടു വിദ്യാർത്ഥികളാണ് പ്രാക്‌ടിക്കൽ പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ഇങ്ങനെ ഒരു അതിക്രമം കാട്ടിയത്.

ആൺകുട്ടികളും പെൺകുട്ടികളും പരീക്ഷ കഴിഞ്ഞ് നേരെ ക്ലാസ് മുറികളിൽ കയറി പേപ്പറുകൾ കീറിയെറിഞ്ഞെന്നും പിന്നാലെ മേശകളും ബെഞ്ചുകളും ഫാനും ഉൾപ്പെടെ അടിച്ചു തകർത്തുവെന്നും അദ്ധ്യാപകർ പറഞ്ഞു. എന്നാൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും വിദ്യാർത്ഥികൾ അത് ചെവികൊണ്ടില്ലെന്നും അദ്ധ്യാപകർ വ്യക്തമാക്കി.

അതിക്രമം കാട്ടിയ വിദ്യാർത്ഥികളെ അഞ്ചു ദിവസത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തതായി ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ കെ ഗുണശേഖരൻ അറിയിച്ചു. ഈ വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ എഴുതാൻ അനുവാദം നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികളെ തടയാതിരുന്നതിന് അദ്ധ്യാപകർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തും. അടിച്ചുതകർത്തതിന് പകരം ഫർണീച്ചറുകൾ നൽകാൻ നാട്ടുകാർ തയ്യാറായിട്ടുണ്ട്.