പുറന്തള്ളുന്ന ടയറുകളും ഉരുളുന്നു; അപകട ഭീഷണി​

Friday 10 March 2023 2:30 AM IST

ആലപ്പുഴ: നിർമ്മാണ തകരാറും ഗുണമേന്മയിലെ അപാകവും മൂലം പുറന്തള്ളുന്ന ടയറുകൾ റീസൈക്കിൾ ചെയ്യുന്നതിനുപകരം കമ്പനികളുടെ പേരുകൾ ചുരണ്ടിമാറ്റി വീണ്ടും വിപണയിലിറക്കുന്നു.

ടയർ ഡീലർമാരാണ് ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്. അമിതലാഭം ലക്ഷ്യമി​ട്ട് ചില ലോബികൾ നടത്തുന്ന ഇടപെടൽ വൻ അപകടത്തിന് വഴിയൊരുക്കും. നിലവിൽ വേനൽചൂട് ക്രമാതീതമായി ഉയരുകയാണ്. ഈ കാലാവസ്ഥയിൽ ഇത്തരം ടയറുകൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് മൂലം അപകടസാദ്ധ്യത ഏറെയാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കുൾപ്പെടെ നിവേദനങ്ങൾ നൽകിയിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്ന് ഡീലർമാർ പരാതിപ്പെടുന്നു. റബർ വില താഴ്ന്നെങ്കി​ലും മറ്റ് അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധന ചൂണ്ടിക്കാട്ടി ടയർ കമ്പനികൾ അടിക്കടി വില വർദ്ധിപ്പിക്കുന്നത് മൂലം വാഹന ഉടമകളും ഡീലർമാരും സാമ്പത്തിക പ്രതിസന്ധിയി​ലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.