ഹോളി ആഘോഷം സ്‌റ്റേഷനിലും, മദ്യപിച്ച് നൃത്തം ചെയ്ത പൊലീസുകാർക്ക് സസ്‌പെൻഷൻ

Friday 10 March 2023 3:17 PM IST

റാഞ്ചി : ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ ഹോളി ആഘോഷത്തോടനുബന്ധിച്ച് പൊലീസ് സ്റ്റേഷനുള്ളിൽ മദ്യപിക്കുകയും, നൃത്തം ചെയ്യുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. ഇന്നലെയാണ് ഗോഡ്ഡ ജില്ലയിലെ മഹാഗാമ പൊലീസ് സ്റ്റേഷനിലെ ആഘോഷ ദൃശ്യങ്ങൾ വൈറലായത്.

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ബിപിൻ ബിഹാരി റായ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണ സിംഗ്, കോൺസ്റ്റബിൾ സത്യേന്ദ്ര നാരായൺ സിംഗ്, കോൺസ്റ്റബിൾ കൃഷ്ണകുമാർ സിംഗ്, കോൺസ്റ്റബിൾ പ്യാരെ മോഹൻ സിംഗ് എന്നിവരെയാണ് പൊലീസ് സൂപ്രണ്ട് നാഥു സിംഗ് മീണ സസ്‌പെൻഡ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ കുറിച്ച് സമൂഹത്തിന്റെ വിവധ കോണുകളിൽ നിന്നും ആക്ഷേപം ഉയർന്നിരുന്നു. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബു ലാൽ മറാണ്ടി ഉൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്ത് വന്നു.

Advertisement
Advertisement