കരകയറാനാവാതെ പ്രതിസന്ധി ഈറ്റത്തൊഴിലാളികൾ ദുരിതത്തിൽ

Saturday 11 March 2023 3:22 AM IST

പാലോട്: ഈറ്റ ഉത്പന്നങ്ങൾ നിർമ്മിച്ചിരുന്ന പരമ്പരാഗത തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതും ഇവരെ പട്ടിണിയിലാക്കുന്നു. അധികൃതരും തങ്ങളെ തിരി‌ഞ്ഞു നോക്കുന്നില്ലെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു.

വിവാഹസദ്യ ഒരുക്കുന്ന സ്ഥലങ്ങളിലേക്കാണ് കൂടുതൽ ഈറ്റ ഉത്പന്നങ്ങളും വിറ്റിരുന്നത്. എന്നാൽ ഇവന്റ് മാനേജ്മെന്റുകൾ വിവാഹ നടത്തിപ്പ് ഏറ്റെടുത്തതോടെ ഈറ്റ ഉല്പന്നങ്ങൾ വേണ്ടതായി. ഇവരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്താൻ സർക്കാരും തയ്യാറാകാതായതോടെ വലിയ പ്രതിസന്ധിയാണ് തൊഴിലാളികൾ നേരിടുന്നത്.

വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്റപ്പെട്ടതിനാൽ ഇപ്പോൾ ഈറ ലഭിക്കാൻ ഉൾവനങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ്. ത്യാഗം സഹിച്ച് ഈറ്റയെത്തിച്ചാലും വാങ്ങാൻ ആളില്ലാത്തതിനാൽ തങ്ങളുടെ ഉത്പന്നങ്ങൾ എന്തുചെയ്യുമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്.

അതിജീവനത്തിന് വഴികാണാതെ വലയുന്ന പാരമ്പര്യ തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാനും വിലസ്ഥിരത ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

ഈറ്റ ഉത്പന്നങ്ങൾ

കൊട്ട, വട്ടി, മുറം, കൗരകൗശല വസ്തുക്കൾ

വിലയില്ല

പ്രാദേശിക മാർക്കറ്റിൽ 200രൂപ മുതൽ 350രൂപ വരെ വിലയുണ്ടായിരുന്ന ഈറ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്. കിട്ടുന്നത് മതി എന്ന് കരുതിയാലും ഇവ വിറ്റുപോകാത്തതിന്റെ പ്രതിസന്ധി വേറെയും.

സർക്കാർ ഈറ്റ എത്തുന്നില്ല

ഇടിഞ്ഞാർ, മങ്കയം മേഖലകളിൽ മാത്രം നിരവധി ഈറ്റ തൊഴിലാളികളാണുള്ളത്. ഇവർക്ക് ബാംബു കോർപ്പറേഷനാണ് നേരത്തെ ഈറ്റ എത്തിച്ചിരുന്നത്. ഇങ്ങനെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ബാംബു കോർപറേഷന് തന്നെ കൈമാറമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇപ്പോൾ വർഷങ്ങളായി ഇവർക്ക് ഈറ്റ ലഭിക്കുന്നില്ല. ഇവരിൽ പലരും ഇപ്പോൾ ഉൾവനത്തിൽ പോയി ഈറ്റ ശേഖരിക്കുകയാണ്. ജീവൻ പണയം വച്ചാണ് ഇവർ ഉൾവനത്തിൽ പോകുന്നത്.

ക്ഷേമനിധിയും ഇല്ല

നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി അനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്. ഇതുകാരണം ഭൂരിഭാഗം പേരും പട്ടിണിയിലാണ്. പലരും കുലത്തൊഴിൽ ഉപേക്ഷിച്ച് മറ്റ് ജോലികൾക്കു പോകേണ്ട അവസ്ഥയാണ്.

Advertisement
Advertisement