വസ്തുക്കച്ചവട തർക്കം: അയൽക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

Saturday 11 March 2023 1:30 AM IST

നെടുമങ്ങാട് :വസ്തു കൊടുക്കൽ വാങ്ങൽ സംബന്ധിച്ച തർക്കത്തെത്തുടർന്ന് യുവാവിനെ അയൽക്കാരൻ കുത്തിപ്പരിക്കേല്പിച്ചു. മന്നൂർക്കോണം ആർച്ച് ജംഗ്ഷൻ ആലംകോട് ഹൗസിൽ ഷിബു റാവുത്തറി(42)നെയാണ് അയൽവാസി ബിജു വിത്സൻ കുത്തുകയും ഷിബുവിന്റെ വീട്ടിലെ സ്ത്രീകളെ മർദ്ദിക്കുകയും ചെയ്തത്.വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ഷിബുവിന്റെ വീടിന് മുന്നിൽ വച്ചായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വസ്തു കൊടുക്കൽ വാങ്ങൽ സംബന്ധിച്ച് ബിജു രണ്ട് ദിവസമായി ഫേസ്ബുക്കിലൂടെ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടിരുന്നതായി പറയുന്നുണ്ട്.ഷിബുവിന്റെ കുടുംബാംഗങ്ങളെക്കുറിച്ചു അസഭ്യ പോസ്റ്റുകൾ വന്നതിനെ ചോദ്യം ചെയ്തതും കത്തിക്കുത്തിലെത്തുകയായിരുന്നു. ബിജുവിനും മർദ്ദനമേറ്റു. ഇയാളും ചികിത്സ തേടിയിട്ടുണ്ട്. വലിയമല പൊലീസ് കേസെടുത്തു.