കളിമണ്ണിൽ വിരിഞ്ഞു ചുമർചിത്രങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ.

Saturday 11 March 2023 12:49 AM IST

കോട്ടയം . നീലിമംഗലം വല്ലമറ്റം ബിൽഡിംഗ്സിലേക്ക് പോരൂ. കളിമണ്ണിൽ മെനഞ്ഞെടുത്ത നിലമ്പൂർ ചട്ടികളും, മ്യൂറൽസും, ചുമർച്ചിത്രങ്ങളും ഉൾപ്പടെ 150 ലധികം ഉത്പന്നങ്ങൾ കണ്ട് മടങ്ങാം. ഇഷ്ടമായെങ്കിൽ കുറഞ്ഞ നിരക്കിൽ സ്വന്തവുമാക്കാം. നിലമ്പൂർ സ്വദേശി വിജയകുമാരിയാണ് അണിയറ ശില്പി. കെമിക്കൽ ഇല്ലാത്ത മണ്ണ് അരച്ചെടുത്താണ് നിർ‌മ്മാണം. പിതാവിന്റെ മരണത്തോടെയാണ് വിജയകുമാരി കളിമൺ നിർമ്മാണ മേഖലയിലേക്കെത്തിയത്. ഇരുപതാം വയസിൽ കുംഭം സൊസൈറ്റിയിൽ ചേർന്ന് എട്ട് മാസം കൊണ്ട് നിർമ്മാണ രീതികൾ പഠിച്ചെടുത്തു. തുടർന്ന് സൊസൈറ്റിയിൽ ജോലി ചെയ്തു. പിന്നീട് പി എം ഇ ജി പിയിൽ നിന്ന് ലോണെടുത്ത് സ്വന്തമായി സംരംഭത്തിന് തുടക്കമിട്ടു. ആദ്യകാലത്ത് കരകൗശലവസ്തു നിർമ്മാണമായിരുന്നു. സൂപ്പർമാർക്കറ്റുകൾ കൂടാതെ ഡൽഹി, മുംബയ്, ബംഗളൂരു, വിദേശരാജ്യങ്ങളിലേക്ക് പോകുന്നവരും വിപണിയുടെ ഭാഗമാണ്. പാലക്കാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് കളിമണ്ണും, ചുവന്ന മണ്ണും ശേഖരിയ്ക്കുന്നത്. മായന്നൂർ വീട്ടിൽ അനിൽകുമാർ ആണ് ഭർത്താവ്. അഖിൽ, നിഖിൽ, അഞ്ജലി എന്നിവരാണ് മക്കൾ.

വിലനിലവാരം

കറിച്ചട്ടികൾ 100, ഇൻഡോർ പ്ലാന്റ് ചട്ടി 200, അപ്പച്ചട്ടി 400, ഫുൽക്ക ചപ്പാത്തി ചട്ടി 400, ബൗൾ 300, ചീനച്ചട്ടി 300 - 900, കൂജ 250, മാജിക് കൂജ 750, ജഗ്ഗ് 350, കപ്പ്, ഗ്ലാസ് 150.

നിർമ്മാണം ഇങ്ങനെ

കളിമൺ മെഷീനിൽ മാവ് രൂപത്തിൽ അരച്ചെടുക്കും. കൈ ഉപയോഗിച്ച് മെനഞ്ഞെടുത്തത് തടിതച്ചുകൂട്ടി കട്ട് ചെയ്യും. മുറിച്ചെടുത്ത ഭാഗം പരത്തിയെടുത്താണ് പാത്രത്തിന്റെ അടിഭാഗം നിർമ്മിക്കുന്നത്. ഇത് ചൂടാക്കിയെടുത്തശേഷം ഫിനിഷിംഗ് വർക്ക്. ചുവന്ന മണ്ണ് വെള്ളത്തിൽ കലക്കിയ ഊറൽ എടുത്ത് കൊതുകുവല ഉപയോഗിച്ച് തേച്ച് മിനുസപ്പെടുത്തും. പുഴംകല്ല് ഉപയോഗിച്ചാണ് അവസാനഘട്ടമിനുക്ക് പണി. ടെറാക്കോട്ട മ്യൂറൽസിനായി രൂപം ഒരോ പീസുകളായി നമ്പറിട്ട് മെനഞ്ഞെടുത്ത് കട്ട് ചെയ്‌തെടുക്കും. തുടർന്ന് സ്‌ക്വയർ കണക്ക് അനുസരിച്ച് ഒട്ടിച്ചു ചേർക്കും.