സിനിമാ സംഗീതസംവിധാനവും വരും പെൺവഴിയിൽ

Friday 10 March 2023 9:16 PM IST

നീലേശ്വരം: ആൺപോരിമ നിറഞ്ഞ മലയാള സിനിമാ സംഗീത സംവിധാന രംഗത്തേക്ക് സധൈര്യം യുവ സംഗീതജ്ഞ എത്തുന്നു. നീലേശ്വരം കിനാനൂർ നെല്ലിയടുക്കം സ്വദേശിനിയും മംഗളൂരു സെന്റ് ആഗ്നസ് കോളേജിലെ ജേർണലിസം ഡിപ്പാർട്ട്മെന്റിൽ അസി.പ്രൊഫസറുമായ മേന മേലത്താണ് ഈ സംഗീതജ്ഞ. ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന റാണി എന്ന സിനിമയിൽ സംഗീതസംവിധാനം നിർവഹിച്ച മേന രണ്ട് ഗാനങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്.

മംഗളാരതി,​ ശ്രീലകം തുടങ്ങിയ ആൽബങ്ങൾ ഒരുക്കിയ മേന സംഗീതജ്ഞൻ സുദീപ് പാലനാടിന്റെ അസി.ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് ശങ്കർ രാമകൃഷ്ണന്റെ വിളി എത്തിയത്. എറണാകുളം അമൃതാകോളേജിൽ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദപഠനത്തിനിടെ രണ്ട് വർഷം മുമ്പ് സുദീപ് പാലനാട് തന്നെയായിരുന്നു റാണി സിനിമയുടെ സംവിധായകനോട് മേനയുടെ പേര് നിർദ്ദേശിച്ചതും.ഉർവശി,​ ഭാവന,​ ഹണി റോസ് എന്നിവരടക്കം പ്രമുഖ താരനിരയുള്ള ഈ സിനിമയിലെ രണ്ട് മലയാളം പാട്ടുകൾ മേന തന്നെ എഴുതിയതാണ്.

സ്കൂൾ പഠനകാലത്ത് സംസ്ഥാനകലോത്സവത്തിൽ മികച്ച ഗായികയായി പേരെടുത്തിട്ടുണ്ട് ഈ 23കാരി. ഭരതനാട്യം,​ വീണ എന്നിവയിലും സംസ്ഥാനതലത്തിൽ മികച്ച പ്രകടനം അന്ന് കാഴ്ച വച്ചിരുന്നു. അന്തരിച്ച സംഗീതജ്ഞൻ രാജൻ മാനൂരിയായിരുന്നു മൂന്നാംവയസിൽ സംഗീതലോകത്തെത്തിയ മേനയുടെ ആദ്യഗുരു.രാഗലയം സുനിൽകുമാർ,​ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസൻ,​ ശ്രീവത്സൻ ജെ.മേനോൻ എന്നിവരുടെ ശിക്ഷണം പിന്നാലെ ലഭിച്ചു.

റിട്ട.അദ്ധ്യാപകനും നാടകപ്രവർത്തകനും പ്രഭാഷകനുമായ നെല്ലിയടുക്കത്തെ എം.കെ.ഗോപകുമാറിന്റെയും ബാനം യു.പി സ്കൂൾ അദ്ധ്യാപിക അനിത മേലത്തിന്റേയും ഏക മകളാണ് ഈ സംഗീതസംവിധായിക.

Advertisement
Advertisement