ത്രിപുരയിൽ എളമരം കരീം ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർക്ക് നേരെ ബി ജെ പി ആക്രമണം,​ വാഹനങ്ങൾ അടിച്ചുതകർത്തു

Friday 10 March 2023 10:12 PM IST

അഗർത്തല: ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എം.പിമാരുടെ വാഹനത്തിന് നേരെ ബി.ജെ.പി ആക്രമണം,​ എളമരം കരീം ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് ആക്രമണം നടന്നത്. ത്രിപുരയിലെ ബിസാൽഗാർഹ് നിയമസഭാ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടയിൽ ബി.ജെ.പി പ്രവർത്തകരുടെ സംഘമെത്തി ജയ് ശ്രീറാം,​ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എളമരം കരീം പറഞ്ഞു.

സി,​പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി അജോയ് കുമാർ,​ കോൺഗ്രസ് എം.പി അബ്ദുൾ മാലിക് എന്നിവരും നാട്ടുകാരുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ വാഹനങ്ങൾ അടിച്ചുതക‌ർക്കുകയും ഞങ്ങളെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായി എളമരം കരീം പറഞ്ഞു. ഇത്തകം ആക്രമണം കൊണ്ടൊന്നും പ്രതിപക്ഷ എം.പിമാരുടെ സന്ദർശനം തടയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.