സ്വപ്ന പറഞ്ഞത് പച്ചക്കള്ളം:എം.വി.ജയരാജൻ

Friday 10 March 2023 10:15 PM IST

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിച്ചാൽ 30 കോടി രൂപ നൽകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വിജേഷ് പിള്ളയെന്ന ഇടനിലക്കാരനെ കൊണ്ട് പറയിപ്പിച്ച സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ പച്ചക്കളളം പൊളിഞ്ഞുവെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ. സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ വൻവിജയമായി മാറിയതോടെ വിറളിപൂണ്ടവരുടെ ഗൂഢാലോചനയാണ് സ്വപ്നയുടെ പുതിയ ആരോപണത്തിന് പിന്നിലെന്നും ജയരാജൻ കുറ്റപ്പെടുത്തി.

അടിസ്ഥാനരഹിതമായ ആരോപണങ്ങളായതിനാൽ മാദ്ധ്യമങ്ങൾ പോലും വിശ്വസിക്കില്ലെന്ന് മനസിലാക്കിയതു കൊണ്ടാണ് ഫേസ്ബുക്ക് ലൈവ് വഴി ആരോപണം ഉന്നയിച്ചത്. എന്നാൽ വിജേഷ് പിള്ളയുടെ പ്രതികരണത്തോടെ സ്വപ്ന പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞു.വിജേഷ് പിള്ളയുടെ പിതാവിന്റെ പ്രതികരണവും സ്വപ്നയുടെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതാണെന്നും ജയരാജൻ പറഞ്ഞു.ച്ചക്കള്ളം ലൈവ് ആയി നിലനിർത്താൻ ഒരു ക്രിമിനൽ കേസ് പ്രതിയും പ്രതിപക്ഷ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും പാടുപെടുകയായിരുന്നുവെന്നും എം.വി ജയരാജൻ കുറ്റപ്പെടുത്തി.