തനത് ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവുമായി അനന്തപുരി മേളയ്ക്ക് തുടക്കം

Friday 10 March 2023 10:32 PM IST

തിരുവനന്തപുരം: കുടുംബശ്രീയുടെയും ജില്ലയിലെ വ്യവസായ സംരംഭകരുടെയുമെല്ലാം ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി ജില്ലാവ്യവസായ വകുപ്പ് പുത്തരിക്കണ്ടത്ത് ആരംഭിച്ച അനന്തപുരി മേള തനത് ഉത്പന്നങ്ങളുടെ വേദിയാകുന്നു. ചുക്കുകരിപ്പെട്ടി മുതൽ ചേമ്പിൻ ചിപ്സ് വരെയുള്ള ഭക്ഷ്യോത്പന്നങ്ങളും എന്നും പ്ലാസ്റ്റിക്കിന് ബദലായ കടലാസ് സ‌ഞ്ചികളും മേളയുടെ ആകർഷണമാണ്. നാടൻ മുള കൊണ്ടുള്ള ഉത്പന്നങ്ങളും ബാലരാമപുരം കൈത്തറി തത്സമയം നെയ്യുന്നതും പരമ്പരാഗത തനിമ വിളിച്ചോതുന്നു. നൂതന ആശയങ്ങളുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയുമാണ്‌ ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുള്ള മേളയുടെ ലക്ഷ്യം.

പലതരം പപ്പടങ്ങൾ,​ ഹെർബൽ സോപ്പ്

ജീരകം,സവാള,പച്ചമുളക്, വെളുത്തുള്ളി എന്നിവയിൽ നിർമ്മിച്ച രുചികരമായ പപ്പടങ്ങൾ മേളയിൽ ലഭിക്കും. കരിപ്പെട്ടിക്കൊപ്പം ചുക്ക്, തിപ്പലി,കുരുമുളക് എന്നിവ ചേർത്ത് തയ്യാറാക്കിയ ചുക്കുകരിപ്പെട്ടിയും രുചിച്ചുനോക്കി വാങ്ങാം.ഇഞ്ചി,​ മഞ്ഞൾ,​ മാതളം എന്നിവ കൊണ്ട് നിർമ്മിച്ച രുചിയൂറുന്ന തേനുകളാണ് മറ്റൊന്ന്. മുരിങ്ങത്തോട്ടത്തിൽ തേനീച്ചപ്പെട്ടികൾ സ്ഥാപിച്ച്‌ ഉണ്ടാക്കുന്ന മുരിങ്ങപ്പൂതേൻ രുചിയുടെ വ്യത്യസ്തത സമ്മാനിക്കുന്നു. കറ്റാർവാഴ,കരി, റോസ്, ബീറ്റ്‌റൂട്ട് എന്നിവ കൊണ്ട് തദ്ദേശീയമായ നിർമ്മിച്ച വാസന സോപ്പുകളാണ് മറ്റൊരാകർഷണം.ചേമ്പിൽ നിന്നുള്ള ചിപ്സും ചക്കപ്പഴത്തിൽ നിന്നുളള ഉണ്ണിയപ്പവും വിവിധയിനം അച്ചാറുകളും റാഗി പ്പൊടിയും കപ്പ പുട്ടുപൊടി,​ ബീറ്റ്‌റൂട്ട് പുട്ട് എന്നിവയാണ് ഭക്ഷ്യോത്പന്നങ്ങളിലെ ആകർഷണീയ ഉത്പന്നങ്ങൾ.രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. മേള തിങ്കളാഴ്ച സമാപിക്കും.

സംരംഭങ്ങളിൽ കേരളം ലോകത്തിന് മാതൃക: മന്ത്രി ജി.ആർ.അനിൽ

ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിലൂടെ വ്യവസായത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് മേള ഉദ്ഘാടനം ചെയ്ത മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഒരു ലക്ഷം ലക്ഷ്യമിട്ടിടത്ത് 1.4 ലക്ഷം സംരംഭങ്ങൾ തുടങ്ങാനായി. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എസ്.ഐ.എ ജില്ലാസെക്രട്ടറി എം. പ്രേംകുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ വി.എസ്.ശരത്,​ എസ്.ഗൗതം യോഗീശ്വർ, എസ്.അനൂപ്,​ ഉപജില്ലാ വ്യവസായ ഓഫീസർ അഭിലാഷ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.