മുഖ്യമന്ത്രി ബ്രഹ്മപുരം സന്ദർശിക്കാത്തത് എന്തുകൊണ്ടെന്ന് കെ. മുരളീധരൻ

Saturday 11 March 2023 12:47 AM IST

തിരുവനന്തപുരം: കൊച്ചിയിൽ മാലിന്യനീക്കം സ്തംഭിച്ചിട്ട് ആറ് ദിവസമായെന്നും സർക്കാരിന്റെ നാറ്റമാണ് ജനങ്ങൾ സഹിക്കുന്നതെന്നും കെ.മുരളീധരൻ.എം.പി. നികുതി വർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിനും ബ്രഹ്മപുരത്തെ പ്രതിസന്ധിയിൽ പങ്കുണ്ട്. ഇടയ്ക്കിടയ്ക്ക് എറണാകുളം സന്ദർശിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ബ്രഹ്മപുരം സന്ദർശിച്ചില്ല ?

കാള ചുവപ്പ് കാണുന്ന പോലെയാണ് പിണറായി കറുപ്പ് കാണുന്നത്. മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവർ വീട്ടിലിരിക്കണം.

സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ കഴമ്പില്ലെങ്കിൽ എന്തുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, തോമസ് ഐസക്, ശ്രീരാമകൃഷ്ണൻ എന്നിവർ മാനനഷ്ടത്തിന് കേസ് കൊടുത്തില്ല.

തൊഴിലാളി പ്രസ്ഥാനത്തിലെ നേതാവാണ് മൈക്ക് ഓപ്പറേറ്ററെ അപമാനിച്ചത്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ക്ലിഫ് ഹൗസിലെ തൊഴുത്തിൽ മ്യൂസിക് സിസ്റ്റം വരെയുണ്ട്. കരുണാകരന് അപകടം പറ്റിയപ്പോൾ ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പോലും വച്ചിട്ടില്ല. ആറ്റുകാൽ പൊങ്കാല നടക്കുമ്പോൾ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയത് സർക്കാരിന്റെ പിടിപ്പുകേടാണ്. മേയറാണെങ്കിൽ ഇഷ്ടിക വിറ്റ് കാശുണ്ടാക്കുന്ന തിരക്കിലാണ്. മാസം 85000 രൂപയുടെ വാടകവീട്ടിൽ സജി ചെറിയാൻ താമസിക്കുന്നത് ധൂർത്തിന്റെ പരകോടിയാണെന്നും മുരളീധരൻ പറഞ്ഞു.