സി.പി.എം ജാഥയ്ക്ക് മുന്നണി കൺവീനർ അനിവാര്യനല്ല

Saturday 11 March 2023 12:50 AM IST

തിരുവനന്തപുരം: എം.വി. ഗോവിന്ദൻ നയിക്കുന്നത് ഇടതുമുന്നണിയുടേതല്ല, സി.പി.എമ്മിന്റെ ജാഥയാണെന്ന് പാർട്ടി ജാഥയിൽ പങ്കെടുക്കാത്തതിനെ ചൊല്ലിയുയർന്ന വിവാദത്തിൽ ഇ.പി. ജയരാജൻ പ്രതികരിച്ചു.

ഇടതുമുന്നണി കൺവീനറായതു കൊണ്ട് അതിൽ പങ്കെടുക്കണമെന്ന് എവിടെയുമില്ല. എല്ലാവർക്കും സൗകര്യം പോലെ പങ്കെടുക്കാം. കേരളത്തിൽ ഒരു രാഷ്ട്രീയപ്രചരണമാണ് ഇതിലൂടെ നിശ്ചയിച്ചിട്ടുള്ളത്. അതിന് ലീഡറായി എം.വി. ഗോവിന്ദനുണ്ട്. സമകാലിക രാഷ്ട്രീയവും മറ്റ് കാര്യങ്ങളും ഭംഗിയായി ജനങ്ങളുടെ മുന്നിലവതരിപ്പിക്കാനും നല്ല നിലയിൽ സംസാരിക്കാനും കഴിയുന്ന അഞ്ച് പേരെ ജാഥാംഗങ്ങളായി നൽകിയിട്ടുമുണ്ട്. അവരാണ് പരിപാടി സജീവമാക്കുന്നത്. ജാഥയിലംഗമല്ലാത്ത താൻ പ്രത്യേകിച്ച് മറ്റെല്ലാം മാറ്റിവച്ച് അന്നവിടെ പോകേണ്ട കാര്യമില്ല. പോകുന്നത് കൊണ്ട് തെറ്റൊന്നുമില്ല. പോകാതിരിക്കുന്നത് കുറ്റമായി കാണാനും കഴിയില്ല- ജയരാജൻ പറഞ്ഞു.