സ്വപ്നയെ അവിശ്വസിക്കേണ്ട: വി.ഡി.സതീശൻ
കൊച്ചി: പുതിയ വെളിപ്പെടുത്തലിൽ പ്രാഥമികമായി സ്വപ്ന സുരേഷിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. വെളിപ്പെടുത്തൽ തെറ്റാണെങ്കിൽ നിയമനടപടികൾ സ്വീകരിക്കാൻ ആരോപണവിധേയർ തയ്യാറാകണമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയും എം.വി ഗോവിന്ദനുമാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രിക്കെതിരെ മുമ്പും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മാനനഷ്ട നോട്ടീസുപോലും അയച്ചില്ല. സ്വപ്നയെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമിച്ചത്. വിജേഷ് പിള്ളയുമായി ബന്ധമില്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരാണ്.
ഷാജ് കിരണിനെ ഉപയോഗിച്ച് സർക്കാരും പൊലീസും സ്വപ്നയെ സ്വാധീനിക്കാൻ ശ്രമിച്ചത് യാഥാർത്ഥ്യമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും ജയിലിലാകുകയും അഡിഷണൽ പി.എസിനെ ചോദ്യംചെയ്യുകയും ചെയ്ത സാഹചര്യത്തിൽ സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സംശയിക്കുന്നു. സിനിമയെക്കുറിച്ച് സംസാരിക്കാൻ പോയെന്ന് പറയുന്നത് വിശ്വസനീയമല്ല. സാമാന്യബുദ്ധിയെ വെല്ലുവിളിക്കലാണ്. എം.വി. ഗോവിന്ദനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മാദ്ധ്യമങ്ങളും അന്വേഷിക്കട്ടെയെന്ന് സതീശൻ പറഞ്ഞു.