പനി ബാധിതരും ചികിത്സയും
സംസ്ഥാനത്ത് പനിയും ശ്വാസകോശ പ്രശ്നങ്ങളും കാരണം ദിവസേന പതിനായിരത്തോളം പേരാണ് സർക്കാർ ആശുപത്രികളിലെത്തുന്നത്. ഏതാണ്ട് അത്രത്തോളം ആളുകൾ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നു. കൊവിഡിന്റെ അനന്തര ഫലമാണ് വ്യാപകമാകുന്ന പനിയെന്ന് കരുതപ്പെടുന്നു.
ഇതുസംബന്ധിച്ച ശാസ്‌ത്രീയ പഠനം ആരോഗ്യവകുപ്പ് മുൻകൈയെടുത്ത് നടത്തേണ്ടതാണ്. ഇൻഫ്ളുവൻസ എ ഗണത്തിൽപ്പെട്ട എച്ച് 3 എൻ 2 വൈറസ് സാന്നിദ്ധ്യം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതാണ് കടുത്ത ചുമയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നത്. ചെറുപ്പക്കാരിൽ ഇത് വലിയ പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും മറ്റ് രോഗങ്ങൾ കൂടിയുള്ള പ്രായമായവരിൽ ഇത് സങ്കീർണതകൾക്ക് ഇടയാക്കുന്നു. സർക്കാരിന്റെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയവർ 72,953 പേരാണ്. ഈ വർഷം ഇതുവരെ 5.84 ലക്ഷം പനിക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും രോഗവ്യാപനത്തിന് കാരണമാകുന്നെന്നും അനുമാനിക്കപ്പെടുന്നു. പകൽ കടുത്ത ചൂട് കാരണം തണുത്ത വെള്ളം ധാരാളം ഉപയോഗിക്കുന്നവരും ഉച്ചവെയിൽ ഏല്‌ക്കുന്നവരും കൂടുതലായി പനി ബാധിതരാകുന്നതായി ഡോക്ടർമാർ പറയുന്നു. പനി ബാധിച്ചവർ നിശ്ചയമായും മാസ്‌കുകൾ ധരിക്കേണ്ടവരാണെങ്കിലും അതൊന്നും ഭൂരിപക്ഷവും പാലിക്കുന്നില്ല. വളരെ പെട്ടെന്ന് പകരുന്ന തരം പനിയാണ് ഇപ്പോൾ വ്യാപിക്കുന്നത്. ഒരു വീട്ടിൽ ഒരാൾക്ക് പനി വന്നാൽ എല്ലാവർക്കും വരുന്ന അവസ്ഥയാണ് നിലനില്‌ക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്ത് നിശബ്ദ കൊലയാളിയായി എലിപ്പനിയും പടരുന്നു. ഈ വർഷത്തെ ആദ്യത്തെ രണ്ട് മാസത്തിൽ 31 എലിപ്പനി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 241 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 365 പേർക്ക് സമാന ലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് 300 പേർ മരണമടഞ്ഞിരുന്നു.
പനി ബാധിതരുടെ എണ്ണം കൂടിവരുമ്പോൾ സർക്കാർ ആശുപത്രികളിൽ അതിനെ നേരിടുന്നതിനുള്ള വർദ്ധിച്ച സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്. ചില സർക്കാർ ആശുപത്രികളിൽ പാരസെറ്റമോളിനുൾപ്പെടെ ക്ഷാമം ഉള്ളതിനാൽ പാവപ്പെട്ട രോഗികൾ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് മരുന്ന് വാങ്ങേണ്ടിവരുന്നു. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ സർക്കാർ ആശുപത്രികളിൽ മരുന്ന് വാങ്ങുന്നതിന്റെ അളവും കുറച്ചിരുന്നു. പനിബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെങ്കിലും മരുന്ന് വാങ്ങൽ കൂട്ടിയിട്ടില്ല. ആരോഗ്യമന്ത്രി ഇടപെട്ട് ഇതിൽ അടിയന്തര മാറ്റങ്ങൾ വരുത്തേണ്ടതാണ്. പണമടച്ചിട്ടും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്നും മരുന്ന് ലഭിക്കുന്നില്ലെന്ന പരാതിയും നിലനില്‌ക്കുന്നുണ്ട്. ഇക്കാര്യങ്ങളും സർക്കാർ പരിശോധിക്കണം.