വിസ്‌മൃതിയിലാണ്ട് ചരിത്രം അടയാളപ്പെടുത്തിയ 'രാമരായർ വിളക്ക്'
തിരുവനന്തപുരം: തിരുവിതാംകൂർ ഭരിച്ച ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ ദിവാൻ പേഷ്കാറായിരുന്ന ടി.രാമ റാവുവിന്റെ സ്മരണാർത്ഥം പാളയത്ത് നൂറ്റാണ്ടുകൾക്ക് മുൻപ് സ്ഥാപിച്ച രാമരായർ വിളക്ക് പ്രകാശിക്കാതായിട്ട് വർഷങ്ങൾ. ആധുനിക വഴിവിളക്കുകളുടെ വരവോടെയാണ്
എൽ.എം.എസ് പരിസരത്തെ 110ലേറെ വർഷം പഴക്കമുള്ള രാമരായർ എന്ന വെങ്കല വിളക്ക് വിസ്മൃതിയിലാണ്ടത്. വൈദ്യുതി വിളക്കുകൾ ഇല്ലാതിരുന്ന കാലത്ത് രാജകുടുംബാംഗങ്ങൾ നേരിട്ടെത്തി രാമരായർ വിളക്ക് തെളിച്ചിരുന്നു. 1930കളിൽ മണ്ണെണ്ണ വിളക്കായിരുന്ന ഇവ വൈദ്യുതി വിളക്കാക്കി. നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെ.ആർ.എഫ്.ബി) കീഴിലാണ് എൽ.എം.എസ് ഐലൻഡും രാമരായർ വിളക്കും. ഇതിന്റെ ഭാഗങ്ങൾ വിപണിയിൽ കിട്ടാത്തതാണ് പരിപാലനത്തിന് വെല്ലുവിളി. തിരുവിതാംകൂർ കൊട്ടാര പരിസരത്തും പാളയം മുതൽ കവടിയാർ വരെയുള്ള റോഡിലും നൂറോളം വിളക്കുകൾ രാജഭരണകാലത്ത് സ്ഥാപിച്ചിരുന്നെങ്കിലും കാലക്രമേണ നശിച്ചു. വെള്ളയമ്പലത്തെ ഉദാര ശിരോമണി പദ്മനാഭ റാവു വിളക്കും റോഡ് വീതി കൂട്ടലിന്റെ ഭാഗമായി പൊളിച്ചിരുന്നു.
ചരിത്രം
ആലപ്പുഴയിലെ പേഷ്കാറായും പ്രവർത്തിച്ച രാമരായരെ വെള്ളിമീശ രാമരായരെന്നും വിളിച്ചിരുന്നു. സാധാരണക്കാർക്കും പകൽ ജോലി ചെയ്യുന്നവർക്കും രാത്രി പഠിക്കുന്നതിനായി പരവൂർ നെടുങ്കോലം എന്ന സ്ഥലത്ത് അദ്ദേഹം രാത്രി സ്കൂളും ആരംഭിച്ചിരുന്നു. രാമരായരുടെ മകനായ ഉദാര ശിരോമണി എന്ന് വിളിപ്പേരുള്ള പത്മനാഭ റാവുവിന്റെ അഭ്യർത്ഥനയിൽ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് വിളക്ക് സ്ഥാപിച്ചതെന്നും പൊതുജനങ്ങളാണ് അതിന് മുൻകൈയെടുത്തതെന്നും ചരിത്രകാരന്മാർ പറയുന്നു.