രണ്ടാമതും കാപ്പ ചുമത്തി; 'ഡ്രാക്കുള' സുരേഷ് വീണ്ടും ജയിലിൽ

Saturday 11 March 2023 2:40 AM IST

ആലുവ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന ഐക്കരനാട് വടയമ്പാടി കൊണ്ടോലിക്കുടി വീട്ടിൽ സുരേഷിനെ (40) വീണ്ടും കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, മോഷണം, മയക്കുമരുന്ന് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2021 ഡിസംബറിൽ ആറ് മാസത്തേക്ക് കാപ്പ ചുമത്തി സുരേഷിനെ ജയിലിൽ അടച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കഴിഞ്ഞ ആഗസ്റ്റിൽ ആലുവയിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലും നവംബറിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസിലും പ്രതിയായിരുന്നു.

കഴിഞ്ഞ ദിവസം കോട്ടപ്പടി സ്വദേശി പ്രദീപ് എന്നയാളെ കാപ്പ ചുമത്തി ജയിലിലടയ്ക്കുകയും രാമമംഗലം സ്വദേശി രതീഷിനെ നാടുകടത്തുകയും ചെയ്തിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ ഇതുവരെ 70 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 49 പേരെ നാടുകടത്തിയിട്ടുണ്ട്.