ഡോക്ടറെ മർദ്ദിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

Saturday 11 March 2023 12:43 AM IST

കോഴിക്കോട്: ഫാത്തിമ ഹോസ്പിറ്റലിൽ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വെള്ളിമാടുകുന്ന് സ്വദേശി അഷ്റഫ്(52) നെയാണ് നടക്കാന് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് രോഗിയുടെ ബന്ധുക്കളായ കുന്ദമംഗലം സ്വദേശികളായ മുഹമ്മദാലി, സഹീറും സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ഡോക്ടറുടെ പരാതിയിൽ ആറുപേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സീനിയർ കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്. കുന്ദമംഗലം സ്വദേശിനിയായ പൂർണഗർഭിണിയെ പനി ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ സ്ത്രീയുടെ നില മെച്ചപ്പെട്ട് മുറിയിലേക്ക് മാറ്റിയെങ്കിലും ബന്ധുക്കൾ ആശങ്ക അറിയിപ്പോൾ സിടി സ്‌കാൻ ചെയ്തു. അതിന്റെ റിപ്പോർട്ട് വൈകിയതാണ് സംഘർഷത്തിൽ കാലാശിച്ചത്. എന്നാൽ പൊലീസും ആരോഗ്യ വകുപ്പും ഏകപക്ഷീയമായി പെരുമാറുകയാണെന്നും തന്റെ ഭാഗം കേൾക്കാൻ ആരും തയാറായില്ലെന്നും കാണിച്ച് രോഗി സിറ്റി പൊലീസ് കമ്മിഷ്‌ണർക്ക് പരാതി നൽകി. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നടക്കാവ് പൊലീസിലും പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നും അവർ ആരോപിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാവ് പൊലീസ് സ്റ്റേഷനിൽ സമരം നടത്താനാണ് രോഗിയുടെ ബന്ധുക്കളുടെ തീരുമാനം.