ചൈനീസ് ആപ്പിന്റെ ഭീഷണികൾ

Saturday 11 March 2023 12:00 AM IST

വായ്‌പയെടുക്കാത്തവരെപ്പോലും ഭീഷണിപ്പെടുത്തി പണം തട്ടുന്ന ചൈനീസ് ആപ്പുകൾ ഇവിടെ വിളയാടുന്നെന്ന വാർത്ത അധികാരികൾ ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ലിങ്കുകളിലൂടെയാണ് ഇവർ ആളുകളെ കെണിയിൽ വീഴ്‌ത്തുന്നത്. കൗതുകത്തിന്റെ പേരിലോ അറിയാതെയോ ലിങ്കിൽ ക്ളിക്ക് ചെയ്യുന്നവരാണ് വെട്ടിലാകുന്നത്. കെണിയിൽ വീഴാതിരിക്കാനുള്ള ബോധവത്‌കരണവും പരസ്യങ്ങളും സർക്കാർ അടിയന്തരമായി നല്‌കേണ്ടതാണ്.

സമൂഹമാദ്ധ്യമത്തിൽ വന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത വഞ്ചിയൂരിലെ വീട്ടമ്മയെ 18,000 രൂപ അടച്ചില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ചൈനീസ് വായ്‌പാ ആപ്പ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഫോൺ ഗാലറിയിലുണ്ടായിരുന്ന വീട്ടമ്മയുടെ ചിത്രവും ആധാർ, പാൻകാർഡ് കോപ്പികളും ഇവരുടെ മൂന്ന് സുഹൃത്തുക്കൾക്ക് ചൈനീസ് ആപ്പുകാർ വാട്‌സ്‌ആപ്പിൽ അയച്ചുകൊടുത്തു. വീട്ടമ്മ പൊലീസ് കമ്മിഷണർക്ക് പരാതി നല്‌‌‌കിയിരിക്കുകയാണ്.

ഇതൊരു ഒറ്റപ്പെട്ട സംഭവമാവില്ല. പുറത്തുപറയാത്തതുകൊണ്ടും പരാതി വരാത്തതുകൊണ്ടും പലതും അറിയപ്പെടാതെ പോവുകയാണ്. അതിനാൽ പരാതികളിൽ പൊലീസ് കഴിയുന്നത്ര വേഗം കർശന നടപടികൾ സ്വീകരിക്കണം. കാരണം പലരെയും മരണക്കെണിയിലേക്ക് തള്ളിവിടുന്നതിൽ ഇത്തരം ആപ്പുകളുടെ പങ്ക് ചെറുതല്ല. ചെറിയ തുകകൾ വായ്‌പ നല്‌കി ഇരയെ വീഴ്‌ത്തുന്നതാണ് ഇവരുടെ രീതി. ചെറിയ തുകയാണെങ്കിലും മണിക്കൂറ് വച്ച് പലിശ കൂടിക്കൊണ്ടിരിക്കും. തിരിച്ചടയ്‌ക്കാൻ പറ്റാത്ത രീതിയിൽ കെണിയിലാക്കിയ ശേഷം പണം തട്ടാൻ പലതരം ഭീഷണികൾ പുറത്തെടുക്കും. അതിലൊന്നാണ് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്നത്.

കൂടുതലും വനിതകളെയാണ് ഭീഷണിപ്പെടുത്തുന്നത്. പുരുഷന്മാരെ വിരട്ടാൻ നേരിട്ട് ഗുണ്ടകളെയും അയയ്ക്കും. ഇത്തരം 232 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചെങ്കിലും അതിൽപ്പെടാത്ത ഇരുനൂറോളം ആപ്പുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നത്. അവയെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇവകൂടി പൂട്ടാൻ പൊലീസ് കേന്ദ്രത്തിന് ശുപാർശ നല്‌കിയെങ്കിലും തുടർ നടപടിയായിട്ടില്ല. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര നടപടിയെടുപ്പിക്കാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് നേരിട്ട് ശ്രമം നടത്തേണ്ടതാണ്. നമ്മുടെ എം.പിമാരും പ്രശ്നം കേന്ദ്ര അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ ശ്രമിക്കേണ്ടതാണ്. അവശേഷിക്കുന്ന ചൈനീസ് ആപ്പുകളുടെ നടത്തിപ്പുകാർക്ക് എന്നായാലും നിരോധിക്കപ്പെടുമെന്ന് അറിയാം. അതിന് മുമ്പ് പരമാവധി പണം തട്ടാനാണ് അവർ ശ്രമിക്കുന്നത്. ഇവരുടെ ഭീഷണി സംബന്ധിച്ച് ദിവസവും നൂറിലേറെ പരാതികളാണ് പൊലീസിന് ലഭിക്കുന്നത് എന്നതുതന്നെ പ്രശ്നത്തിന്റെ ഗുരുതരസ്വഭാവം വെളിപ്പെടുത്തുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നതിൽ പൊലീസിന് പല പരിമിതികളുമുണ്ട്. അതിനാൽ ചില പരാതികളിൽ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും പരാതികളുണ്ട്.

റിസർവ് ബാങ്കിന്റെ നിയന്ത്രണമില്ലാതെയും മണിലെൻഡേഴ്സ് ആക്ടിന് വിരുദ്ധവുമായാണ് ഇത്തരം ആപ്പുകളുടെ പ്രവർത്തനം. പരിചയമില്ലാത്ത ഒരു ലിങ്കിലും ക്ളിക്ക് ചെയ്യാതിരിക്കാനാണ് ഫോൺ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടത്. അന്യസംസ്ഥാനക്കാരും വിദേശികളുമാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. ലിങ്കുകളിൽ ക്ളിക്ക് ചെയ്താൽ നമ്മുടെ ഫോണിലെ എല്ലാ സ്വകാര്യ വിവരങ്ങളും അവർ ചോർത്തിയെടുക്കും. അതുപയോഗിച്ച് ഭീഷണിപ്പെടുത്തുമ്പോൾ നാണക്കേട് ഭയന്ന് ആളുകൾ പരാതി നല്‌കാതെ പണം നല്‌കി ഒഴിയാൻ ശ്രമിക്കും. ഒരു ലക്ഷം വായ്‌പയെടുത്താൽ തിരിച്ച് നാലരലക്ഷം അടച്ചാലും വായ്‌പ തീരില്ല. ഓൺലൈൻ ഗെയിം കളിക്കാൻ വായ്‌പയെടുത്ത നിരവധിപേർ കടംകയറി ആത്മഹത്യചെയ്തിട്ടുണ്ട്. അതിനാൽ ഈ വിപത്തിനെ തടയാനുള്ള എല്ലാ മാർഗവും സർക്കാർ സ്വീകരിക്കേണ്ടതാണ്.