പാർട്ടിയിലെ പരാതികൾ പരിശോധിച്ച് കർശന നടപടിയെടുക്കും: സി.പി.എം

Saturday 11 March 2023 1:55 AM IST
സി.പി.എം

ആലപ്പുഴ: ഭാര്യയെ മർദ്ദിച്ച കേസിലടക്കം ആരോപണ വിധേയനും സി.പി.എം കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ ഡി.വൈ.എഫ്.ഐ മുൻ നേതാവ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് ബോദ്ധ്യമായാൽ കർശന നടപടിയുണ്ടാകുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു എന്നിവർ പറഞ്ഞു. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഇദ്ദേഹത്തിന്റെ ഭാര്യാ പിതാവ് പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. അതിൽ ഗാർഹികപീഡനമെന്ന് പറയുന്നില്ല. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഇരുവരുടെയും വിവാഹം നടത്തിയത് പാർട്ടി മുൻകൈയെടുത്താണ്. അവർ തമ്മിൽ ചില പ്രശ്‌നങ്ങളും അകൽച്ചയുമുണ്ട്. ഒത്തുതീർപ്പിനുള്ള ശ്രമം നടക്കുന്നുമുണ്ട്. ഇത് വിജയിച്ചില്ലെങ്കിൽ നിയമപരമായി പോകാൻ പാർട്ടി തടസമാവില്ല. തെറ്റ് ആരുടെ ഭാഗത്തായാലും ശക്തമായ നടപടിയുണ്ടാകും. തെറ്റായ പ്രവണതകൾ തിരുത്തണമെന്നാണ് പാർട്ടിയുടെ നയം. ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എസ്.ഡി.പി.ഐ ബന്ധമുണ്ടെന്ന പരാതിയും ഇതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് ചിലരുടെ രാജിക്കത്തും കിട്ടിയിട്ടുണ്ട്. വസ്തുത പരിശോധിച്ചുവരികയാണ്. ആരോപണ വിധേയന്റെ സഹോദരൻ എസ്.ഡി.പി.ഐ പ്രവർത്തകനാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. രാജിക്കത്ത് നൽകിയവരുമായി വിശദ ചർച്ച നടത്തിയശേഷം ഉചിതമായ തീരുമാനമെടുക്കും. ചേർത്തല പള്ളിപ്പുറത്ത് വസ്തുതർക്കം പരിഹരിക്കാൻ ഡി.വൈ.എഫ്.ഐ നേതാവ് പണം ആവശ്യപ്പെട്ടെന്ന പള്ളി വികാരിയുടെ പരാതി ജില്ലാ സെക്രട്ടറിക്ക് ലഭിച്ചിട്ടില്ല. വെയിറ്റിംഗ് ഷെഡുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായുള്ള തർക്കം പരിഹരിക്കാൻ മാത്രമാണ് ഇടപെട്ടത്. ലഹരിക്കടത്ത്, കുട്ടനാട്ടിലെ കൂട്ടരാജി തുടങ്ങിയ വിഷയങ്ങളിൽ കമ്മിഷൻ റിപ്പോർട്ടുകൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.