ഇന്ത്യ-ഓസ്ട്രേലിയ സഹകരണം വിപുലമാക്കും; മോദി-അൽബനീസ് കൂടിക്കാഴ്‌ചയിൽ ധാരണ

Saturday 11 March 2023 1:30 AM IST

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും തന്ത്രപരമായ സഹകരണം വിപുലമാക്കാനും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെയും നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ഇരു രാജ്യങ്ങൾക്കുമിടയിലെ ആദ്യ വാർഷിക ഉച്ചകോടിയിലാണ് തീരുമാനം. സ്‌പോർട്‌സ്, ഓഡിയോ വിഷ്വൽ സംയുക്ത നിർമ്മാണം എന്നീ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം കൈമാറി. അടൽ ഇന്നൊവേഷൻ മിഷനും കോമൺ‌വെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനും തമ്മിലുള്ള സഹകരണം, ഇന്ത്യ-ഓസ്‌ട്രേലിയ സോളാർ ടാസ്‌ക് ഫോഴ്‌സിന്റെ നിബന്ധനകൾ തുടങ്ങിയവ സംബന്ധിച്ച കരാറുകളിലും ഒപ്പിട്ടു. ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് സംയുക്ത പത്രസമ്മേളനത്തിൽ അൽബാനീസ് പറഞ്ഞു. ചരക്കുകൾ,സേവനങ്ങൾ,നിക്ഷേപം,അനുബന്ധ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സമഗ്ര വ്യാപാര-സാമ്പത്തിക-സഹകരണ ഉടമ്പടി ഈ വർഷം പൂർത്തിയാക്കാൻ ശ്രമിക്കും. ഇത് ഇരു രാജ്യങ്ങൾക്കും പുതിയ തൊഴിലവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഒപ്പുവച്ച വ്യാപാര കരാർ പ്രകാരം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന 85 ശതമാനം സാധനങ്ങളുടെയും ചുങ്കം ഒഴിവാക്കിയെന്നും അൽബാനീസ് അറിയിച്ചു. ന്യൂഡൽഹി ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

അൽബനീസിന്റെ സന്ദർശനവും വാർഷിക ഉച്ചകോടിയും ഇന്ത്യ-ആസ്‌ട്രേലിയ ബന്ധത്തെ ഉന്നതന തലത്തിലേക്ക് കൊണ്ടുപോകുമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ശാസ്‌ത്ര സാങ്കേതികവിദ്യയും തന്ത്രപരവും സുരക്ഷാപരവുമായ മേഖലകൾ, നിർണായക ധാതുക്കളിൽ പുനരുപയോഗിക്കാവുന്ന ഊർജ പങ്കാളിത്തം, വ്യാപാരം, സാമ്പത്തികം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം മോദി-അൽബനീസ് ചർച്ചയിൽ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐ.എൻ.എസ് വിക്രാന്ത് ആസ്ട്രേലിയൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. കപ്പൽ കമ്മിഷൻ ചെയ്‌ത ശേഷം സന്ദർശനം നടത്തുന്ന ആദ്യ വിദേശ നേതാവാണ് അദ്ദേഹം.

ക്ഷേത്രങ്ങളുടെ സുരക്ഷ ഓർമ്മിപ്പിച്ച് മോദി

ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. അക്രമങ്ങളിൽ ഇന്ത്യൻ ജനതയ്‌ക്കുള്ള ആശങ്ക മോദി പ്രകടിപ്പിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നുണ്ടെന്ന് അൽബനീസ് പറഞ്ഞു.

ഇത്തരം വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സ്ഥിരമായി ബന്ധപ്പെടുമെന്ന് സംയുക്ത പത്രസമ്മേളനത്തിൽ നരേന്ദ്രമോദി വ്യക്തമാക്കി. വെല്ലുവിളികളും ആഗോള ക്ഷേമവും ഒന്നിച്ച് കൈകാര്യം ചെയ്യാൻ ഇരു രാജ്യങ്ങളും ബാദ്ധ്യസ്ഥമാണ്. ഇന്ത്യൻ പ്രവാസികൾ ഓസ്‌ട്രേലിയൻ സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും വളരെയധികം സംഭാവന ചെയ്യുന്നുണ്ട്. ജി20 ഉച്ചകോടിയിലേക്ക് അൽബനീസിനെ ക്ഷണിച്ചതായും മോദി പറഞ്ഞു.