ദക്ഷിണേന്ത്യയിൽ നിന്നും പുതിയ ഇനം കുയിൽ കടന്നൽ

Saturday 11 March 2023 1:23 AM IST

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ഗവേഷക സംഘം കേരളത്തിൽ നിന്നും ഒരു പുതിയ ഇനം കുയിൽ കടന്നലിനെ കണ്ടെത്തി. ക്രൈസ്റ്റ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷക പി.ജി.അശ്വതി, ഗവേഷണ മേധാവി ഡോ.സി.ബിജോയുമാണ് ഈ കണ്ടെത്തലിന് പിന്നിൽ. കൂടാതെ ഇറ്റാലിയൻ ഗവേഷകനായ പാലൊ റോസയും പോളണ്ടിൽ നിന്നുമുള്ള ഗവേഷകനായ ബോഗ്ഡൺ വിസ്‌നോവ്‌സ്‌കിയും ഇതിൽ മുഖ്യപങ്ക് വഹിച്ചു. ട്രൈക്രൈസിസ് പോസിഡോണിയ എന്നാണ് ഈ പുതിയ ഇനം കുയിൽ കടന്നലിനെ നാമകരണം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ തമിഴ്‌നാട്ടിൽ നിന്നും കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ നേപ്പാളിലും ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പൂർണ വിവരണവും വാസ സ്ഥലത്തെപറ്റിയുള്ള വിവരങ്ങളും അന്താരാഷ്ട്ര ഗവേഷണ മാസികയായ യൂറോപ്യൻ ജേർണൽ ഒഫ് ടാക്‌സോണമിയിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രജനനത്തിന് കുയിലിന്റെ വഴി

കുയിൽ കാക്കയുടെ കൂട്ടിൽ മുട്ടയിട്ട് പ്രജനനം നടത്തുന്നത് പോലെ ക്രൈസിഡിഡേ ഇനം കടന്നലുകൾ മറ്റു കടന്നലുകളുടെ കൂട്ടിൽ മുട്ടയിട്ട് പ്രജനനം നടത്തുന്നതുകൊണ്ടാണ് ഇവ കുയിൽ കടന്നലുകളെന്ന് അറിയപ്പെടുന്നത്. ക്രൈസിഡിഡേ ഫാമിലിയിൽ ഉൾപ്പെട്ടിട്ടുള്ള ഈ ഇനം കടന്നലുകൾ സൂര്യപ്രകാശം നന്നായി ഏൽക്കുന്ന ചൂടുകൂടിയ ഭൂപ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്. ജന്തുസസ്യ വൈവിദ്ധ്യത്തിന് പേരുകേട്ട മാടായിപാറയിലെ ലാറ്ററേറ്റ് ഘടന ഇവയ്ക്ക് അനുയോജ്യമാണ്.