ഉത്സവബലി തൊഴുത് സായൂജ്യമടയാൻ ഭക്ത സഹസ്രങ്ങൾ ഗുരുപവനപുരിയിൽ

Saturday 11 March 2023 1:25 AM IST

ഗുരുവായൂർ: ഉത്സവബലി തൊഴുത് ദർശന സായൂജ്യമടയാനായി ഭക്തജന സഹസ്രം ഗുരുപവനപുരിയിലെത്തി. ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി ഇന്നലെ നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ ചേന്നാസ് കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു താന്ത്രിക മന്ത്രധ്വനികളോടെ ഉത്സവബലി നടന്നത്. ഗുരുവായൂരപ്പന്റെ ഭൂതഗണങ്ങളെ മുഴുവൻ പാണികൊട്ടി മന്ത്രപുരസരം ആവാഹിച്ച് വരുത്തി ബലികൊടുത്ത് തൃപ്തിപ്പെടുത്തുന്നതാണ് ഉത്സവബലി. നാലമ്പലത്തിനകത്ത് തെക്കേമുറ്റത്ത് ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തിയ ശേഷം സപ്തമാതൃക്കൾക്ക് ബലി തൂവി.

തുടർന്ന് ബലിവട്ടത്തിലെ ബലിപീഠങ്ങളിൽ നിവേദ്യങ്ങൾ പൂജിച്ചു. കൊടിമരത്തിൽ സാന്നിദ്ധ്യമുള്ള ഗരുഡസ്വരൂപിയായ വൈനതേയനും, വലിയ ബലിക്കല്ലിൽ സാന്നിദ്ധ്യമുള്ള പന്ത്രണ്ട് ദേവതകൾക്കുള്ള പൂജ നടത്തി. ഈ സമയം കൊമ്പൻ ഗോകുലിന്റെ പുറത്തെഴുന്നള്ളിയ ഗുരുവായൂരപ്പനെ സാക്ഷി നിറുത്തിയായിരുന്നു ബലിതൂവൽ ചടങ്ങ്. ക്ഷേത്രപാലകനുള്ള പൂജയോടെയായിരുന്നു ഉത്സവബലി ചടങ്ങ് സമാപിച്ചത്.

ഉത്സവബലി ദർശിക്കാനായി ക്ഷേത്രത്തിൽ ഇന്നലെ അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം കാത്തുനിന്നാണ് ഭക്തർ ഉത്സവബലി ദർശനം നടത്തിയത്. ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട നടക്കും.

Advertisement
Advertisement