കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെയെത്തും
തൃശൂർ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തൃശൂരിലെത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പത്രസമ്മേളനത്തിൽ അറിയിച്ചു. വടക്കുന്നാഥ ക്ഷേത്ര ദർശനം അടക്കം നാലു പരിപാടികളാണ് അമിത് ഷായ്ക്കുള്ളത്. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുഴയ്ക്കൽ ലുലു ഹെലിപാഡിൽ വന്നിറങ്ങുന്ന അദ്ദേഹം രണ്ടിന് ശക്തൻ സമാധി സ്ഥലത്ത് പുഷ്പാർച്ച നടത്തും. തുടർന്ന് മൂന്നിന് ജോയ് പാലസിൽ തൃശൂർ പാർലമെന്റ് മണ്ഡലം നേതൃസമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കും. വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച് അമിത് ഷാ മാർഗ നിർദ്ദേശം നൽകും. പാർട്ടി കേരള പ്രഭാരി അജിത്ത് വാഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് അഞ്ചിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിക്കും. ക്ഷേത്ര ദർശനത്തിന് ശേഷം റോഡ് മാർഗം അദ്ദേഹം കൊച്ചിയിലേക്ക് പോകും. വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് എം.ടി.രമേശ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേളികൊട്ട്
അമിത് ഷായുടെ വരവ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേളികൊട്ടാകും. സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും പ്രതീക്ഷീക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സുരേഷ് ഗോപിക്കായി. അമിത് ഷായുടെ വരവ് പ്രമാണിച്ച് ഉയർത്തിയ ഫ്‌ളക്‌സുകളിൽ സുരേഷ് ഗോപിയും സ്ഥാനം പിടിച്ചിട്ടുണ്ട്. തൃശൂർ മത്സ്യ മാർക്കറ്റിന്റെ വികസനത്തിന് രാജ്യസഭ എം.പിയായിരിക്കെ സുരേഷ് ഗോപി ഒരു കോടി അനുവദിച്ചിരുന്നു.