കയ്പമംഗലത്ത് 'ഒപ്പം'പദ്ധതിക്ക് തുടക്കം
മതിലകം: റേഷൻ കടകളിലെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത ജനവിഭാഗങ്ങൾക്കായി റേഷൻ അവരുടെ വീടുകളിലേക്ക് എത്തിക്കുന്ന ഒപ്പം പദ്ധതിയുടെ കയ്പമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം നടത്തി. അതിദാരിദ്ര നിർമാർജനം ലക്ഷ്യമാക്കിയുള്ള ഈ പദ്ധതി നാട്ടിലെ ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ഇതിലൂടെ അർഹരായ കുടുംബങ്ങൾക്ക് റേഷൻ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു. മതിലകം ഇ.വി.ജി സ്മാരക സാംസ്‌കാരിക ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ചന്ദ്രബാബു, ശോഭനാരവി, വിനീത മോഹൻദാസ്, എം.എസ്. മോഹനൻ, ബിന്ദു രാധാകൃഷ്ണൻ, കെ.പി. രാജൻ, താലൂക്ക് സപ്ലൈ ഓഫീസർ സുധീർകുമാർ, റേഷനിംഗ് ഓഫീസർ പി.എം. സജീന എന്നിവർ സംസാരിച്ചു.