സദാചാര കൊലപാതകം : പ്രതികൾക്ക് പൊലീസ് വഴിയൊരുക്കിയെന്ന് സഹറിന്റെ കുടുംബം

Saturday 11 March 2023 1:58 AM IST

തൃശൂർ : സദാചാര കൊലപാതക കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴി ഒരുക്കിയെന്ന് സഹറിന്റെ സഹോദരി ആരോപിച്ചു. സംഭവശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിലുണ്ടായിരുന്നുവെന്നും സഹറിന്റെ മരണശേഷം പ്രതികളെല്ലാം ഒളിവിൽ പോയെന്നും കുടുംബം ആരോപിക്കുന്നു. ഒരാഴ്ച പ്രതികൾ നാട്ടിലുണ്ടായിട്ടും പൊലീസ് അനങ്ങിയില്ല. പണം വാങ്ങി പ്രതികളെ രക്ഷപെടാൻ അനുവദിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായും സഹോദരി പറയുന്നു. ഞങ്ങൾതന്നെ പ്രതികളെ പിടിച്ചു കൊടുക്കണമായിരുന്നെങ്കിൽ പൊലീസ് എന്തിനാണ്. സംഭവം കഴിഞ്ഞ് നാലഞ്ചു ദിവസം പ്രതികൾ നാട്ടിലുണ്ടായിരുന്നു. പ്രതികൾ അടുത്ത വീട്ടിലെ കല്യാണം കൂടി. പൊലീസിനോടുണ്ടായിരുന്ന ബഹുമാനം നഷ്ടപ്പെട്ടു. കുടുംബം കേസിനോട് സഹകരിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. കേസന്വേഷിക്കേണ്ടത് പൊലീസല്ലേ ?. നീതി കിട്ടണം. മകനെപ്പോലെ കരുതിയിരുന്നവരാണ് കൊലയാളികളെന്ന് സഹറിന്റെ ഉമ്മ പറഞ്ഞു.

അന്വേഷണത്തിന് പുതിയ സംഘം

ചിറയ്ക്കലിലെ സദാചാര കൊലപാതകത്തിൽ അന്വേഷണത്തിന് പുതിയ സംഘം. തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ.തോമസ്, ചേർപ്പ് സ്റ്റേഷൻ ഓഫീസർ സന്ദീപ്, അന്തിക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഓഫീസർമാർ, ചേർപ്പ് എസ്.ഐ എന്നിവരടങ്ങിയ 20 പേരാണ് ടീമിലുള്ളത്. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. കൊല്ലപ്പെട്ട സഹീറിന്റെ വനിതാസുഹൃത്തിനെയും പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരടക്കം നിരവധി പേരെ ചോദ്യം ചെയ്തു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി സംഘടനകൾ ചിറക്കൽ, കോട്ടം എന്നിവടങ്ങളിൽ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തി.