എഡ്വേഡ് രാജകുമാരന് ഡ്യൂക്ക് ഒഫ് എഡിൻബറ പദവി

Saturday 11 March 2023 7:09 AM IST

ലണ്ടൻ : തന്റെ ഇളയ സഹോദരൻ എഡ്വേഡ് രാജകുമാരന് ' ഡ്യൂക്ക് ഒഫ് എഡിൻബറ " പദവി നൽകി ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവ്. ഇരുവരുടെയും പിതാവായ ഫിലിപ്പ് രാജകുമാരൻ വഹിച്ചിരുന്ന പദവിയാണിത്.

മൂത്ത മകൻ ചാൾസ് രാജാവാകുമ്പോൾ ഡ്യൂക്ക് ഒഫ് എഡിൻബറ പദവി ഇളയ മകനായ എഡ്വേഡിന് ലഭിക്കണമെന്ന് ഫിലിപ്പ് രാജകുമാരനും പത്നി എലിസബത്ത് രാജ്ഞിയും ജീവിച്ചിരിക്കുമ്പോൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നിലവിൽ ' ഏൾ ഒഫ് വെസെക്സ്" പദവി അലങ്കരിക്കുന്ന എഡ്വേഡ് ഇന്നലെ 59ാം പിറന്നാൾ ആഘോഷിച്ച പശ്ചാത്തലത്തിലാണ് ചാൾസിന്റെ പ്രഖ്യാപനം. എഡ്വേഡിന്റെ പത്നി സോഫി ഇനി മുതൽ ഡച്ചസ് ഒഫ് എഡിൻബറ എന്നറിയപ്പെടും.

1947ൽ കിരീടാവകാശിയായിരുന്ന എലിസബത്തിനെ വിവാഹം ചെയ്തതോടെയാണ് ഫിലിപ്പിന് ഡ്യൂക്ക് ഒഫ് എഡിൻബറ പദവി ലഭിച്ചത്. 2021 ഏപ്രിലിൽ അദ്ദേഹം അന്തരിച്ചു. തുടർന്ന് ചാൾസ് രാജാവ് ഈ പദവി വഹിച്ചിരുന്നു.

സെപ്തംബറിലാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ഈ ആഴ്ച ആദ്യമാണ് ചാൾസിന്റെ മകനായ ഹാരി രാജകുമാരന്റെ മക്കളായ ആർച്ചിയ്ക്കും ലിലിബെറ്റിനും രാജാകുമാരൻ, രാജകുമാരി പദവികൾ നൽകിയെന്ന് ബക്കിംഗ്‌ഹാം പാലസ് വ്യക്തമാക്കിയത്.