നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഇറാൻ - സൗദി ധാരണ

Saturday 11 March 2023 7:16 AM IST

ടെഹ്‌‌റാൻ : നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇറാനും സൗദ്യ അറേബ്യയും ധാരണയിലെത്തി. രണ്ട് മാസത്തിനുള്ളിൽ ഇരുരാജ്യങ്ങളുടെയും എംബസികളും നയതന്ത്ര ഓഫീസുകളും തുറക്കുമെന്ന് ഇറാൻ ദേശീയ മാദ്ധ്യമം ഇന്നലെ റിപ്പോർട്ട് ചെയ്തു. 2016ൽ ടെഹ്‌റാനിലെ തങ്ങളുടെ നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാൻ സൗദി തീരുമാനിച്ചത്. ഷിയാ നേതാവായ നിമ്‌ർ അൽ - നിമ്‌റിനെ സൗദി തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന വാർത്ത സൗദി ദേശീയ മാദ്ധ്യമവും സ്ഥിരീകരിച്ചു. തിങ്കളാഴ്ച മുതൽ ബീജിംഗിൽ ചൈനയുടെ മദ്ധ്യസ്ഥതയിൽ ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ നടത്തി വന്ന ചർച്ചയാണ് ഇപ്പോൾ ഫലം കണ്ടത്. 2021ലും 2022ലും മദ്ധ്യസ്ഥ ചർച്ചകൾക്ക് മുൻകൈയ്യെടുത്ത ഇറാക്കിനും ഒമാനും ഇരുരാജ്യങ്ങളും നന്ദിയറിയിച്ചു. ഇരുരാജ്യങ്ങളുടെയും നീക്കം മിഡിൽഈസ്റ്റ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ സഹായിച്ചേക്കും. ഷിയാ ഭൂരിപക്ഷമുള്ള ഇറാനും സുന്നി മുസ്ലിം ഭൂരിപക്ഷമുള്ള സൗദിയും മിഡിൽഈസ്റ്റിലെ പല സംഘർഷ മേഖലകളിലും എതിർ ചേരികളിലാണ്. യെമനിൽ ഹൂതി വിമതർക്ക് ഇറാൻ പിന്തുണ നൽകുമ്പോൾ സൗദി ഇതിനെതിരെയുള്ള സഖ്യസേനയുടെ ഭാഗമാണ്.