'സേവനം ആവശ്യമില്ലെങ്കിൽ പറഞ്ഞാൽ മതി, പിന്നെ വായ തുറക്കില്ല'; കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ

Saturday 11 March 2023 11:23 AM IST

തിരുവനന്തപുരം: അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിക്കകത്ത് പ്രവർത്തിക്കുകയാണെങ്കിൽ അഭിപ്രായം പറയുന്നത് തുടരുമെന്നും സേവനം ആവശ്യമില്ലെങ്കിൽ പറഞ്ഞാൽ മതി പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

'ഇപ്പോള്‍ കത്തയച്ചാൽ കിട്ടാൻ വലിയ പണിയൊന്നുമില്ലല്ലോ. വാട്ട്സാപ്പിലൊന്നും നോക്കീട്ട് കണ്ടില്ല. ഇനി അഥവാ പാർട്ടി പ്രവർത്തനം നിർത്തണം എന്നാണെങ്കിൽ അത് പറഞ്ഞാൽ മതി. നിർത്താൻ തയ്യാറാണ്. പാർട്ടിക്കകത്ത് പ്രവർത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. അഭിപ്രായങ്ങൾ പറയാൻ പാടില്ല എന്നുണ്ടെങ്കിൽ അത് അറിയിച്ചാൽ മതി. പിന്നെ വായ തുറക്കില്ല. '- മുരളീധരൻ പറഞ്ഞു.

വിമർശനങ്ങൾ പാർട്ടി വേദിയിലല്ലാതെ പുറത്തുനടത്തിയെന്നാണ് മുരളീധരനും എം കെ രാഘവനുമെതിരെ കെപിപിസിയുടെ വിമർശനം. എന്നാൽ എവിടെയാണ് പാർട്ടി വേദിയെന്നും മുരളീധരൻ ചോദിച്ചു. രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും എക്സിക്യൂട്ടീവ് വിളിക്കണമെന്നുമൊക്കെ പറഞ്ഞത് പാർട്ടി വേദിക്ക് വേണ്ടിയാണ്. അതിലെന്താണ് തെറ്റെന്ന് മനസിലായിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, കത്തിനെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെ ലഭിച്ച അറിവ് മാത്രമേ തനിക്കുള്ളൂ എന്നും കത്ത് ലഭിച്ചശേഷം പ്രതികരിക്കാമെന്നുമാണ് എം കെ രാഘവൻ പറഞ്ഞത്.

അതേസമയം, രമേശ് ചെന്നിത്തലയും വിഷയത്തിൽ പ്രതികരിച്ചു. താനടക്കം എല്ലാവർക്കും പാർട്ടി അച്ചടക്കം ബാധകമാണ്. പാർട്ടി വേദികളും അവിടെ സംസാരിക്കാനുള്ള അവസരങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ പരസ്യമായി വിമർശിച്ചുവെന്ന പേരിൽ എം കെ രാഘവൻ താക്കീത് നൽകുകയും കെ മുരളീധരൻ പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നേരത്തേ പറഞ്ഞിരുന്നു. കോഴിക്കോട് നടന്ന ഒരു ചടങ്ങിൽ, കോൺഗ്രസിൽ ഇപ്പോൾ ഉപയോഗിച്ച് വലിച്ചെറിയൽ സംസ്കാരമാണെന്ന് എം കെ രാഘവൻ വിമർശിച്ചിരുന്നു. കൂടാതെ മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളു എന്നും രാഘവൻ വിമർശിച്ചിരുന്നു. ഇന്നു ആരും രാജാവ് നഗ്നനാണ് എന്ന പറയാൻ തയ്യാറല്ല. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരിൽ ആരും ഒന്നും പറയില്ല എന്നായിരുന്നു രാഘവന്റെ വാക്കുകൾ. ഇതിനെ പിന്തുണച്ച് കെ മുരളീധരനും രംഗത്തെത്തിയിരുന്നു.

Advertisement
Advertisement