സ്‌കൂളിൽ സർക്കാർ വിതരണം ചെയ്ത ഗുളിക ആര് കൂടുതൽ കഴിക്കുമെന്ന് പന്തയം, 45 എണ്ണം കഴിച്ച എട്ടാം ക്ളാസുകാരിയ്ക്ക് ദാരുണാന്ത്യം

Saturday 11 March 2023 4:06 PM IST

ചെന്നൈ: കൂട്ടുകാരുമായി പന്തയം വച്ച് അമിതമായി ഗുളികകൾ കഴിച്ച വിദ്യാർത്ഥിനി മരിച്ചു. ഊട്ടി കാന്തലിലെ ഉറുദു സ്‌കൂൾ എട്ടാം ക്ളാസ് വിദ്യാർത്ഥിനി ജയനബ ഫാത്തിമ (13) ആണ് മരിച്ചത്. സ്‌കൂളിൽ വിതരണത്തിനെത്തിച്ച അയൺ ഫോളിക് ആസിഡ് ഗുളികകളാണ് കുട്ടി കഴിച്ചത്. സമാനരീതിയിൽ ഗുളിക കഴിച്ച മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളിലെ വിളർച്ച ഒഴിവാക്കുന്നതിനായി സ്‌കൂളുകൾ വഴി സർക്കാർ ഗുളിക വിതരണം ചെയ്തിരുന്നു. ഈ ഗുളികകളാണ് കുട്ടികൾ കഴിച്ചത്. ഏറ്റവും കൂടുതൽ ആരാണ് ഗുളികകൾ കഴിക്കുകയെന്നതായിരുന്നു പന്തയം. 45 ഗുളികകളാണ് ജയനബ കഴിച്ചത്. പിന്നാലെ ജയനബ ഉൾപ്പെടെ അബോധാവസ്ഥയിലായ കുട്ടികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോകുംവഴിയാണ് ജയനബ മരിച്ചത്. രണ്ട് ആൺകുട്ടികളും ഗുളിക കഴിച്ചിരുന്നു. ഇവർ രണ്ടോ മൂന്നോ ഗുളികകൾ മാത്രമാണ് കഴിച്ചത്. അതിനാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായില്ല.

സംഭവത്തിന് പിന്നാലെ സ്‌കൂളിന്റെ ഹെഡ്‌മാസ്റ്റർ മുഹമ്മദ് അമീൻ, അദ്ധ്യാപിക കലൈവാണി, ആരോഗ്യവകുപ്പ് ജീവനക്കാരായ നാഗമണി, ജയലക്ഷ്മി എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഹെഡ്‌മാസ്റ്ററുടെ മുറിയിൽ സൂക്ഷിച്ചിരുന്ന ഗുളിക കുട്ടികളുടെ കൈയിൽ എങ്ങനെയെത്തി എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.