മൂന്ന് പേർക്ക് എച്ച് 3 എൻ2 ലക്ഷണം; ജില്ലയിൽ അതീവ ജാഗ്രത

Sunday 12 March 2023 12:20 AM IST

കോട്ടയം . ജില്ലയിൽ എച്ച് 3 എൻ 2 ലക്ഷണം മൂന്നുപേരിൽ കണ്ടെത്തിയതോടെ അതീവജാഗ്രതയുമായി ആരോഗ്യവകുപ്പ്. ചിറക്കടവ്, പാലാ, കങ്ങഴ എന്നിവിടങ്ങളിലാണ് രോ​ഗലക്ഷണങ്ങളുള്ളവർ. ഇവരുടെ സാമ്പിൾ പരിശോധനയ്ക്കായി അയക്കും. അഞ്ചു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, അതിസാരം, ഛർദ്ദി, ശ്വാസംമുട്ടൽ തുടങ്ങി കൊവിഡ് സമാന ലക്ഷണങ്ങളാണ് എച്ച് 3 എൻ 2 പകർച്ചപ്പനിയുടേതും. ഇൻഫ്ലുവൻസ വകഭേദമായ എച്ച് 3 എൻ 2 സാന്നിദ്ധ്യം നേരത്തെ കേരളത്തിലുണ്ടെന്ന് ആരോ​ഗ്യവകുപ്പ് പറയുന്നു. കുട്ടികളും പ്രായമായവരും ​ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. നിലവിൽ ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്ന് അധികൃതർ പറഞ്ഞു.

അതേസമയം ജില്ലയിൽ പനിബാധിതരുടെ എണ്ണവും വർദ്ധിക്കുകയാണ്. വെള്ളിയാഴ്ച ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 467 പേരാണ് ചികിത്സ തേടിയത്. മാർച്ചിൽ ഇതുവരെ 4554 പേർ പനി ബാധിതരായി ചികിത്സ തേടി.

ലക്ഷണങ്ങൾ
അ‍ഞ്ചുദിവസം നീണ്ടുനിൽക്കുന്ന പനി, മൂന്നാഴ്ച വരെ വരണ്ട ചുമ, ശ്വാസതടസം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം

പ്രതിരോധ മാർ​ഗങ്ങൾ
ആൾക്കൂട്ടം ഒഴിവാക്കണം, മാസ്ക് ധരിക്കണം, നിർജ്ജലീകരണം ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖവും മൂക്കും മറയ്ക്കുക, അടുത്തിടപഴകുന്നത് ഒഴിവാക്കണം, പനിയും ശരീരവേദനയുമുണ്ടെങ്കിൽ പാരാസെറ്റാമോൾ കഴിക്കണം.

ഭീഷണിയായി ചിക്കൻപോക്സും
കനത്ത ചൂടിനൊപ്പം ചിക്കൻപോക്സും പടരുകയാണ്. വെള്ളിയാഴ്ച ജില്ലയിൽ പത്തു പേർക്ക് രോഗം സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളിൽ 41 പേർക്കാണ് രോ​ഗം ബാധിച്ചത്. പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വൈറസ് ബാധിച്ച് ഒരാഴ്ച കഴിഞ്ഞ് തിണർപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങി പിന്നീട് ഇവ കുമിളകളാകും. ചിക്കൻ പോക്‌സിന് ആന്റി വൈറൽ ഗുളികകൾ ലഭ്യമാണ്. ശരീരം ഇളം ചൂടുവെള്ളം ഉപയോഗിച്ച് തുടയ്ക്കാം.

Advertisement
Advertisement