പേപ്പാറ-പൊടിയക്കാല റോഡിന് ശാപമോക്ഷം

Sunday 12 March 2023 1:56 AM IST

വിതുര: വിതുര പഞ്ചായത്തിലെ പേപ്പാറ-പൊടിയക്കാല റോഡിന് ഒടുവിൽ ശാപമോക്ഷം.വർഷങ്ങളായി ശോച്യാവസ്ഥയിൽകിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി അടൂർപ്രകാശ് എം.പിയുടെ പ്രാദേശികവികസനഫണ്ടിൽ നിന്ന് 10ലക്ഷം രൂപ അനുവദിച്ചു.

പേപ്പാറ-വിതുര റോഡിൽ പേപ്പാറ സുന്ദരിമുക്കിൽ നിന്ന് പൊടിയക്കാല ആദിവാസി മേഖലയിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. പേപ്പാറ ഡാമിനായി കുടിയൊഴിപ്പിച്ചവരാണ് പൊടിയക്കാലയിൽ അധിവസിക്കുന്നത്. നാല് കിലോമീറ്ററോളം റോഡാണ് ശോച്യാവസ്ഥയിലുള്ളത്.മുൻപ് റോഡിന്റെ കുറച്ചുഭാഗം ഗതാഗതയോഗ്യമാക്കിയെങ്കിലും വർഷങ്ങൾ പിന്നിട്ടപ്പോൾ റോഡ്മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും,കുഴിയുമായി. മഴക്കാലത്ത് റോഡ് കൂടുതൽ അപകടാവസ്ഥയിലാകും. റോഡ് വെള്ളത്തിൽ മുങ്ങുകയും ഗതാഗതം തടസപ്പെടുകയും ചെയ്യും. അപകട പരമ്പരകൾ അരങ്ങേറിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ല.പേപ്പാറ ഡാമിലെ വെള്ളമാണ് മഴക്കാലത്ത് പൊടിയക്കാല റോഡിലേക്ക് കയറുന്നത്.

പൊടിയക്കാല റോഡ് പൂർണമായും ടാറിംഗ് നടത്തുവാൻ ഫണ്ട് ഇനിയും വേണ്ടിവരും. ത്രിതലപഞ്ചായത്തുകൾ കനിഞ്ഞാലേ റോഡുപണി പൂർത്തീകരിക്കാനാവൂ. ഇതിനായി പഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.മുൻപ് പൊടിയക്കാല റോഡ് ടാറിംഗ് നടത്താനായി ഫണ്ട് അനുവദിച്ചെങ്കിലും യാഥാർത്ഥ്യമായില്ല.

വിദ്യാർത്ഥികളും ദുരിതത്തിൽ

പൊടിയക്കാലയിലേക്ക് വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രാവിലെയും വൈകിട്ടും ഒരു ബസ് സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥനിമിത്തം ബസ് കേടാകുന്നതും പതിവാണ്.റോഡ് ഗതാഗതയോഗ്യമാക്കിയാൽ കൂടുതൽബസ് സർവീസ് ആരംഭിക്കാൻ സാദ്ധ്യതയുണ്ട്. ബസ് സർവീസ് ആരംഭിക്കുന്നതിന് മുൻപ് പൊടിയക്കാലയിലെ വിദ്യാർത്ഥികൾ കാട്ടുമൃഗങ്ങളുള്ള വനത്തിലൂടെ കിലോമീറ്ററുകൾ നടന്നാണ് വിതുരയിലും മീനാങ്കലുമുള്ള സ്കൂളുകളിലും പോയിരുന്നത്. പലതവണ വിദ്യാർത്ഥികളെ കാട്ടാനകൾ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതിനെ തുടർന്നാണ് വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പൊടിയക്കാലയിലേക്ക് ഒരു സർവീസ് ആരംഭിച്ചത്. റോഡ് ടാറിംഗ് നടത്തി കൂടുതൽ സർവീസ് ആരംഭിച്ചാൽ പ്രശ്നത്തിന് ശാശ്വതപരിഹാരമാകും. റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അടൂർപ്രകാശ് എം.പി അറിയിച്ചട്ടുണ്ട്.

വാഗ്ദാനങ്ങൾ ജലരേഖയായി

പേപ്പാറയിൽ ഡാം നിർമ്മിക്കുന്നതിനായി പേപ്പാറയിൽ നിന്ന് കുടിയിറക്കപ്പെട്ടവരാണ് പൊടിയക്കാലയിൽ അധിവസിക്കുന്നത്. വാസയോഗ്യമായ വീടുകൾ,റോഡ്,കുടിവെള്ളം,വൈദ്യുതി എന്നിവ നൽകുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ ഭൂരിഭാഗവും ഇനിയും യാഥാർത്ഥ്യമായിട്ടില്ല.പൊടിയക്കാലയിൽ വികസനം സാദ്ധ്യമാക്കണമെന്നാവശ്യപ്പെട്ട് അനവധിതവണ സമരപരിപാടികൾ സംഘടിപ്പിച്ചെങ്കിലും അധികാരികൾക്ക് അനക്കമില്ല.

നന്ദി രേഖപ്പെടുത്തി

വർഷങ്ങളായി തകർന്നുകിടക്കുന്ന വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിലെ പൊടിയക്കാല റോഡ് ഗതാഗതയോഗ്യമാക്കാൻ 10 ലക്ഷം രൂപ അനുവദിച്ച അടൂർപ്രകാശ് എം.പിക്ക് പേപ്പാറ വാർഡ്മെമ്പർ ലതാകുമാരി നന്ദി രേഖപ്പെടുത്തി.

Advertisement
Advertisement