കേന്ദ്ര സാഹിത്യ അക്കാഡമി ഇലക്‌ഷൻ; സി. രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റു

Saturday 11 March 2023 9:16 PM IST

മാധവ് കൗശിക്

മാധവ് കൗശിക്ക് അദ്ധ്യക്ഷൻ കുമുദ് ശർമ്മ ഉപാദ്ധ്യക്ഷ

ന്യൂഡൽഹി:കേന്ദ്ര സാഹിത്യ അക്കാഡമി അദ്ധ്യക്ഷനായി നിലവിലെ ഉപാദ്ധ്യക്ഷൻ മാധവ് കൗശിക്കിനെ തിരഞ്ഞെടുത്തു. ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സി.രാധാകൃഷ്ണൻ ഡൽഹി സർവ്വകലാശാല അദ്ധ്യാപികയും എഴുത്തുകാരിയുമായ കുമുദ് ശർമ്മയോട് ഒരു വോട്ടിന് തോറ്റത് മലയാളികൾക്ക് നൊമ്പരമായി. സി. രാധാകൃഷ്ണന് 49 വോട്ടും കുമുദ് ശർമ്മയ്ക്ക് 50 വോട്ടും കിട്ടി.

ആകെയുള്ള 99 വോട്ടിൽ 60 വോട്ട് നേടിയ മാധവ് കൗശിക്, ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച കർണാടക സംസ്‌കൃത യൂണി. മുൻ വി. സി പ്രൊഫ. മല്ലേപുരം ജി.വെങ്കടേഷിനെ (35) ആണ് തോല്പിച്ചത്. സ്വതന്ത്രനായി മത്സരിച്ച രംഗനാഥ് പതാരെയ്ക്ക് ( മഹാരാഷ്ട്ര ) നാല് വോട്ട് മാത്രം.

മാധവ് കൗശികിന്റെ പാനലിൽ മത്സരിച്ച സി.രാധാകൃഷ്ണന് 60 വോട്ട് പോലും കിട്ടാതെ തോറ്റത് ആ പാനലിൽ വിവാദമായി. വോട്ടർമാരിൽ ഹിന്ദി സാഹിത്യകാരന്മാർ കൂടിയതാണ് സി.രാധാകൃഷ്ണന്റെ തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ നിന്നുള്ള ഭാഷാ കൺവീനറായി കെ.പി രാമനുണ്ണിയെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് സി.രാധാകൃഷ്ണൻ, കെ.പി രാമനുണ്ണി, മഹാദേവൻ തമ്പി, വിജയലക്‌ഷ്‌മി എന്നിവരാണ് ജനറൽ കൗൺസിലിലുള്ളത്. കൗൺസിലിൽ ആകെ 99 പേരാണുള്ളത്. ഇതിൽ 10 പേർ കേന്ദ്രസർക്കാർ നോമിനികളാണ്. 89 പേർ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും.

ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവർ സംഘപരിവാർ അനുകൂലികളാണെന്ന് എതിർപക്ഷം ആരോപിച്ചു. അങ്ങനൊരു പാനൽ ഇല്ലെന്നാണ് സംഘപരിവാർ സംഘടനയായ സംസ്കാർ ഭാരതി പറയുന്നത്. നിലവിലെ അദ്ധ്യക്ഷൻ ചന്ദ്രശേഖര കമ്പർ സ്ഥാനം ഒഴിയുമ്പോൾ വൈസ് പ്രസിഡന്റ് മാധവ് കൗശിക് ആ സ്ഥാനത്ത് എത്തേണ്ടതായിരുന്നു. എന്നാൽ സംഘപരിവാർ പിന്തുണയുണ്ടെന്ന് പറയുന്ന പുതിയ പാനൽ മത്സര രംഗത്ത് വരികയായിരുന്നു.

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആരോപിക്കുന്നില്ല. ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പിലേ താൻ മത്സരിച്ചിട്ടുള്ളൂ. അത് വളരെ വീറുറ്റതായിരുന്നെങ്കിലും പരാജയപ്പെട്ടു.

- സി.രാധാകൃഷ്ണൻ

എം.ടി തോറ്റ ചരിത്രം ആവർത്തിച്ചു

പതിനഞ്ച് കൊല്ലം മുമ്പ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ എം.ടി വാസുദേവൻ നായർ പരാജയപ്പെട്ട ചരിത്രമാണ് ആവർത്തിച്ചത്. 2008 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ ബംഗാളിലെ സുനിൽ ഗംഗോപാദ്ധ്യയാണ് അഞ്ച് വോട്ടുകൾക്ക് എം.ടിയെ തോല്പിച്ചത്. അന്നത്തെ അദ്ധ്യക്ഷൻ ഗോപിനാഥ് നാരംഗ് ഗംഗോപാദ്ധ്യായയെ പിന്തുണച്ചിരുന്നു.

Advertisement
Advertisement