കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 24 ലക്ഷം തട്ടി;പ്രതിയെ പഞ്ചാബിൽ നിന്നു പിടികൂടി

Sunday 12 March 2023 1:41 AM IST

തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് 24 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പഞ്ചാബ് സ്വദേശി പിടിയിൽ. പഞ്ചാബ് പരസ്റാം നാഷണൽ കോളനി സ്വദേശി ഗഗൻദീപ് സിംഗ് (39)നെയാണ് കഴക്കൂട്ടം പൊലീസ് പഞ്ചാബിലെത്തി പിടികൂടിയത്.

വിദേശങ്ങളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിയാണ് ഇയാളും സംഘവും പണം തട്ടിയെടുത്തിരുന്നത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട മേനംകുളം സ്വദേശിയായ യുവതിയുടെ പരാതിലാണ് കഴക്കൂട്ടം പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പരസ്യങ്ങൾ കണ്ട് ജോലിക്കായി ബന്ധപ്പെടുന്നവർക്ക് വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് അയച്ചുകൊടുത്ത് വിശ്വാസം നേടും. തുടർന്ന് സാക്ഷ്യപ്പെടുത്തലിനും ഓഫർ ലെറ്ററിനെന്നും തുടങ്ങി നിരവധി കാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടും. പിന്നാലെ കാനഡ എംബസിയുടെതെന്ന പേരിൽ വ്യാജമായി തയാറാക്കിയ എമർജൻസി അപ്പോയ്‌മെന്റ് ലെറ്ററും മറ്റു രേഖകളും അയച്ചുകൊടുക്കും. വിശ്വാസം നേടിയെടുത്ത് ബാക്കി പണംകൂടി തട്ടാനാണിത്. ഇത്തരത്തിൽ പല തവണകളായി 24 ലക്ഷം രൂപയോളം യുവതിയിൽ നിന്ന് തട്ടിയെടുത്തു. സംഘം ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ തുളസിധരൻ നായർ, എസ്.സി.പി.ഒ മാരായ ബൈജു, സജാദ്, സി.പി.ഒമാരായ റെജി, അരുൺ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്

Advertisement
Advertisement